വന്ദേഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്ന് റെയിൽവേ; 'ഒക്ടോബറിലെ താളംതെറ്റൽ മഴയെത്തുടർന്ന്'

പാലക്കാട്: വന്ദേഭാരത് ട്രെയിനിന് വേണ്ടിമറ്റ് ട്രെയിനുകൾ പിടിച്ചിടാറില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രാജധാനി എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകൾ പിടിച്ചിടുന്നെന്ന വാർത്തയെത്തുടർന്നാണ് വിശദീകരണം. ഒക്ടോബറിൽ മഴയെത്തുടർന്ന് ഗതാഗതം സ്തംഭിച്ചതിനെത്തുടർന്നുണ്ടായ താളം തെറ്റലൊഴിച്ചാൽ മറ്റ് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചിട്ടില്ല. വന്ദേഭാരത് വന്നതോടെ ചെറിയ സമയവ്യത്യാസം ചില ട്രെയിനുകൾ പുറപ്പെടുന്നതിൽ വരുത്തി. എന്നാൽ, പഴയ സമയം നിലനിർത്താൻ വേഗത കൂട്ടുകയും ചെയ്തുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

തിരുവനന്തപുരം സെൻട്രൽ-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20633/20634) വന്നതോടെ തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ വേണാട് എക്സ്പ്രസ് വേഗം കൂട്ടുകയും പുറപ്പെടുന്ന സമയം 5.15ൽനിന്ന് 5.25 ആക്കുകയും ചെയ്തു. പക്ഷേ, എറണാകുളം, ഷൊർണൂർ സ്റ്റേഷനുകളിലെത്തുന്ന സമയം പഴയതുപോലെ നിലനിർത്തി. അതുതന്നെയാണ് വന്ദേഭാരത് 20631/20632 നമ്പർ ട്രെയിനിന്റെ എറണാകുളം -അമ്പലപ്പുഴ സിംഗ്ൾ ലൈൻ റൂട്ടിലും സംഭവിച്ചത്. ആ സമയം ഓടിയിരുന്ന രണ്ട് പാസഞ്ചർ ട്രെയിനുകൾ വേഗത വർധിപ്പിച്ച് സർവിസ് നടത്തി.

ആലപ്പുഴ-എറണാകുളം പാസഞ്ചർ വൈകീട്ട് ആറിന് പുറപ്പെട്ട് 7.35ന് എത്തുംവിധം സജ്ജീകരിച്ചു. എറണാകുളം ജങ്ഷനിൽനിന്ന് പുറ​പ്പെടേണ്ട എറണാകുളം-ആലപ്പുഴ ടെയിനിന്റെ പുറപ്പെടൽ സമയം 6.25 ആക്കി. 20 മിനിറ്റ് വേഗം കൂട്ടുകയും ചെയ്തു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിനെയും വന്ദേ ഭാരതിന്റെ വരവ് ബാധിച്ചിട്ടില്ല. വന്ദേ ഭാരത് വന്നപ്പോഴുള്ള ട്രെയിനുകളുടെ സമയമാറ്റം റെയിൽവേ ടൈംടേബ്ൾ വഴി പ്രസിദ്ധീകരിച്ചിരുന്നെന്നും റെയിൽവേ അധികൃതർ അറിയിച്ചു. 

Tags:    
News Summary - not delaying any other trains for Vande bharat Railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.