കൊച്ചി: സ്വാഭാവിക ജാമ്യം അനുവദിക്കുമ്പോൾ അപ്രായോഗിക വ്യവസ്ഥ ചുമത്തുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹൈകോടതി. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണ്. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി അത് നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മയക്കുമരുന്ന് കേസിലെ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് കീഴ് കോടതി ചുമത്തിയ അസാധാരണ വ്യവസ്ഥ റദ്ദാക്കിയാണ് ഹൈകോടതിയുടെ നിരീക്ഷണം.
1.75 ഗ്രാം എം.ഡി.എം.എയുമായി സെപ്റ്റംബറിൽ പിടിയിലായതിനെത്തുടർന്ന് ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി വിഷ്ണു സജനനാണ് എറണാകുളം സെഷൻസ് കോടതി അസാധാരണ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്വാഭാവിക ജാമ്യം അനുവദിച്ചത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം. ഒരുലക്ഷം രൂപയും രണ്ടാൾജാമ്യവും കൂടാതെ രണ്ട് ജാമ്യക്കാരിൽ ഒരാൾ അടുത്ത ബന്ധുവായിരിക്കണമെന്നും ജാമ്യക്കാർ കരമടച്ച രസീതിന് പകരം സ്വത്തിന്റെ അസ്സൽ ആധാരം ഹാജരാക്കണമെന്നുമായിരുന്നു കോടതി ചുമത്തിയ വ്യവസ്ഥ. അല്ലാത്തപക്ഷം ബന്ധുവടക്കം മൂന്നുപേരുടെ ജാമ്യം വേണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, സ്വന്തമായി ഭൂമിയില്ലാത്തതിനാലും ബന്ധുക്കളാരും ജാമ്യം നിൽക്കാൻ തയാറാകാത്തതിനാലും ഈ ജാമ്യ വ്യവസ്ഥ പാലിക്കാനായില്ല. തുടർന്ന് വ്യവസ്ഥയിൽ ഇളവുതേടി പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാനും വിചാരണ വേളയിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പ് വരുത്താനും ആവശ്യമായ വ്യവസ്ഥകൾ മാത്രമാണ് ജാമ്യം അനുവദിക്കുമ്പോൾ കോടതികൾ ചുമത്തേണ്ടതെന്നും അപ്രായോഗിക വ്യവസ്ഥകൾ വെച്ച് ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് കീഴ്കോടതിയുടെ രണ്ട് വ്യവസ്ഥകൾ റദ്ദാക്കിയ കോടതി ആധാരത്തിന് പകരം കരമടച്ച രസീത് ഹാജരാക്കിയാൽ മതിയെന്ന് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.