കണ്ണൂർ: ക്വേട്ടഷൻ സംഘങ്ങളെ തള്ളി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഷാജർ. കള്ളക്കടത്തുകാർക്ക് പാർട്ടിയില്ലെന്നും ഏത് നിറമുള്ള പ്രൊൈഫൽ വെച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമനാട്ടുകര സംഭവത്തിൽ പ്രതികളായവർക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഷാജറിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പാർട്ടിയൊ, ആര്? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും സ്വർണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ? കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി, ഏത് നിറമുള്ള പ്രൊഫയിൽ വെച്ചാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.
സോഷ്യൽ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ കൃത്രിമമായി സൃഷ്ടിക്കുവാൻ എളുപ്പമാണ്. ഇവിടെ നമ്മൾ കാണുന്നതും അത്തരം രീതി തന്നെയാണ്. ചുവന്ന പ്രൊഫയിൽ വെച്ച് ആവേശം വിതറുന്ന തലക്കെട്ടിൽ തരാതരം ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയിൽ എത്തിക്കാം.
ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ 'നേതാക്കളായി' മാറി. പകൽ മുഴുവൻ ഫെയ്സ്ബുക്കിലും, രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങൾ'.
കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇവരുടെ ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴും അവരിൽ ചിലർക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു. കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും സ്നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.പിന്നീട് അപമാനിതരാകാതിരിക്കാൻ ഫാൻസ് ക്ലബുകാർ സ്വയം പിരിഞ്ഞ് പോവുക. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ല. ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ കാൽനട ജാഥകൾ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്.
ഒടുവിൽ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാർട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്. അതിനാൽ സംശത്തിന് ഇടമില്ലാതെ യാഥാർത്ഥ്യം തിരിച്ചറിയുക. ഇത്തരം അരാജകത്വ സംഘങ്ങളിൽനിന്നും നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.