തിരുവനന്തപുരം: എ.ഐ കാമറകൾക്ക് മുമ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകൾ ചുമത്തിയ പിഴ ഇ-ചലാനിൽനിന്ന് ഒഴിവാക്കിയത് ഉടമകളെ ആശയക്കുഴപ്പത്തിലാക്കുന്നു. പരിവാഹൻ പോർട്ടലിലെ ‘ഇ-ചലാൻ’ പരിശോധിക്കുമ്പോഴാണ് വാഹനത്തിന് പിഴയുണ്ടോ എന്നറിയാനാവുക. ഇ-ചലാനിലാകട്ടെ എ.ഐ കാമറ പിടികൂടുന്നതും പൊലീസ് ചുമത്തുന്നതുമായ പുതിയ പിഴ വിവരങ്ങൾ മാത്രമാണുള്ളത്. ഇത് വിശ്വസിച്ചും പഴയ പിഴ ഒഴിവായി എന്ന് ആശ്വസിച്ചും മോട്ടോർ വാഹനവകുപ്പ് ഓഫിസുകളിൽ സേവനങ്ങൾക്കെത്തുമ്പോഴാണ് പണി കിട്ടുന്നത്.
പഴയ പിഴ അടയ്ക്കാത്തത് മൂലം വാഹനം കരിമ്പട്ടികയിലായാലും അറിയാൻ സംവിധാനമില്ല. മുമ്പ് ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് മൂവ് സോഫ്റ്റ്വെയറില് നിന്നുള്ള പിഴകളെല്ലാം കുടിശ്ശികയാക്കി വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ്. നടപടി സങ്കീര്‍ണമാക്കിയത് കേന്ദ്രമാണെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പരാതി. എന്നാൽ ഇ-ചെലാന്‍ പിഴകളിലെ വിലക്ക് പണം അടയ്ക്കുമ്പോള്‍ തന്നെ സോഫ്റ്റ്വെയര് സ്വയം നീക്കുന്നുണ്ടെന്ന് നാഷനല്‍ ഇന്ഫോര്മാറ്റ്ക് സെന്റര്‍ (എൻ.ഐ.സി) അധികൃതര്‍ പറയുന്നു.
പരിവാഹൻ പോർട്ടലിൽ വാഹന വിവരങ്ങൾ അറിയുന്നതിനുള്ള ലിങ്കിൽ പ്രവേശിച്ചാലേ പഴയ പിഴ അറിയാനാവൂ. ഇതിന് എൻജിൻ നമ്പറും ചെയ്സിസ് നമ്പറുമടക്കം നൽകണം. പിഴയോ കുടിശ്ശികയോ ഉണ്ടെങ്കില്‍ ഉടമയെ അറിയിക്കുകയും തുക അടയ്ക്കാന്‍ നിശ്ചിത ദിവസം നല്‍കുകയും വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇ-ചെലാന്‍ പിഴകളില്‍ മാത്രമാണ് ഇത് പാലിക്കുന്നത്.
വാഹനം കരിമ്പട്ടികയിലായാൽ ഒഴിവാകൽ അതിസങ്കീർണമാണ്. ഓൺലൈനിൽ പിഴയൊടുക്കുന്ന വാഹനങ്ങളെ സോഫ്റ്റ്വെയർ സഹായത്തോടെ പട്ടികയിൽനിന്ന് ഒഴിവാക്കാമെന്നിരിക്കെ, ലൈസൻസും ഉടമസ്ഥാവകാശം മാറ്റലും പോലെ അനൗദ്യോഗികമായി മറ്റൊരു ‘സേവന’മാക്കിയിരിക്കുകയാണ്. ബ്ലാക്ക്ലിസ്റ്റ് മാറാൻ പിഴയടച്ച ശേഷം വാഹനം ഏത് ഓഫിസിലാണോ രജിസ്റ്റർ ചെയ്തത് (മദർ ഓഫിസ്) അവിടെ അപേക്ഷ സമർപ്പിക്കണം. പണമടച്ച രസീത് ഓഫിസ് ക്ലർക്ക് സ്കാൻ ചെയ്ത് സിസ്റ്റത്തിൽ നൽകും. അത് സൂപ്രണ്ട് വെരിഫൈ ചെയ്യണം. ഒടുവിൽ ജോയന്റ് ആർ.ടി.ഒ ഇഷ്യൂ ചെയ്താലേ കരിമ്പട്ടിക മാറൂ.
ചെക്പോസ്റ്റ് കടക്കുന്ന കോണ്ട്രാക്റ്റ് കാര്യേജ് വാഹനങ്ങളില്‍നിന്ന് 105 രൂപ സര്‍വിസ് വാങ്ങാന്‍ അധികൃതര്‍ വിട്ടുപോയിരുന്നു. ഇങ്ങനെ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം സർവിസ് ഫീസ് അടയ്ക്കാതിരുന്ന വാഹനങ്ങളും കരിമ്പട്ടികയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.