മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹരജികൾ തള്ളി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. മാത്യു കുഴൽനാടൻ എം.എൽ.എയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും നൽകിയ ഹരജികളാണ് ജസ്റ്റിസ് കെ. ബാബു തള്ളിയത്.

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ആശ്വസമാകുന്നതാണ് വിധി. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം തളളിയിരുന്നു. തുടർന്ന് റിവിഷൻ ഹരജി നൽകുകയായിരുന്നു. എന്നാൽ, ഹരജി രാഷ്ട്രീയപ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമാണെന്ന് ഹൈകോടതി പറഞ്ഞു.

പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയായിരുന്നു മാത്യു കുഴൽനാടന്‍റെ ഹരജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽനിന്ന് മാസപ്പടി വാങ്ങിയതെന്നായിരുന്നു വാദം. വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, വീണ വിജയനെ രാഷ്ട്രീയ വിരോധം മൂലം കേസിലേക്ക് വലിച്ചിഴച്ചതാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.

അതേസമയം, സംഭവത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്.എഫ്‌.ഐ.ഒ) അന്വേഷണം തുടരുകയാണ്. സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ 185 കോടിയുടെ അഴിമതി നടന്നെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എസ്.എഫ്‌.ഐ.ഒ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച വാദത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. അഴിമതി കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - No vigilance enquiry in Exalogic CMRL deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.