കോലഞ്ചേരി: ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഉപയോഗയോഗ്യമല്ല എന്നു കണ്ടെത്തിയതിനേത്തുടർന്ന് മറ്റക്കുഴിയിലെ പോഷകപ്പൊടി നിർമ്മാണകേന്ദ്രത്തിൽ തയ്യാറാക്കിയ 2195 കിലോ അമൃതം പൊടിയും 109 കിലോ വറുത്ത നിലക്കടലയും ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ കുഴിച്ചുമൂടി.
വിവിധ ഇനം ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, നിലക്കടല, ബദാം, അണ്ടിപരിപ്പ് എന്നിവ ചേരുവകളാക്കി കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള നിർമ്മാണകേന്ദ്രങ്ങളിൽ തയ്യാറാക്കിവരുന്ന പോഷകപ്പൊടിയാണ് 'അമൃതം' എന്ന പേരിൽ അംഗൻവാടികളിലൂടെയും മറ്റും കുട്ടികൾക്ക് പൂരകപോഷകാഹാരമായി വിതരണം ചെയ്തുവരുന്നത്.
പല വിതരണക്കാരിൽനിന്നും ശേഖരിക്കുന്ന ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഉപയോഗിച്ചാണ് പോഷകപ്പൊടിനിർമ്മാണം നടത്തിവരുന്നത്. ഇങ്ങനെ ശേഖരിച്ച ഭക്ഷ്യ ഇനങ്ങളിലെ പോരായ്മയാകാം തയ്യാറാക്കിയ പൊടിയുടെ ഗുണനിലവാരത്തകർച്ചക്ക് കാരണമായതെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ബാച്ചിൽ തയ്യാറാക്കിയ പോഷകപ്പൊടി വിതരണത്തിനുമുൻപ് ഭക്ഷ്യസുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഉപയോഗയോഗ്യമല്ലാത്ത അളവിൽ പൂപ്പൽഘടകങ്ങളുടെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കണ്ടെത്തിയത്. ഉടനെ തന്നെ വിതരണം വിലക്കുകയായിരുന്നു.
രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പൊടിനിർമ്മാണകേന്ദ്രത്തിനു ഇതുവഴി ഉണ്ടായത്.തിരുവാണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജിയുടെ മേൽനോട്ടത്തിൽ മറ്റക്കുഴിയിൽ ഈ ഭക്ഷ്യവസ്തുക്കൾ പൊതുജനശല്യമുണ്ടാകാത്ത രീതിയിൽ കുഴിച്ചുമൂടി. തുടർ റിപ്പോർട്ട് ജില്ലാ കുടുംബശ്രീ മിഷന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.