ഇന്ന് ഇരുട്ടിലാകില്ല, പവർകട്ടിന് താൽക്കാലികാശ്വാസം; റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി എത്തിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. റിയൽ ടൈം മാർക്കറ്റ് വഴി അധിക വൈദ്യുതി കണ്ടെത്താൻ സാധിച്ചതോടെ ഇന്ന് സംസ്ഥാനത്ത് പവർകട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിപണിയിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമായതാണ് ആശ്വാസമായത്.
കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവുണ്ടായതും ബോർഡിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മൊത്തം ഉപഭോഗത്തിൽ രണ്ട് ദശലക്ഷം യൂനിറ്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മുൻ ദിവസങ്ങളിൽ 96.4 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ച സ്ഥാനത്ത് ഇന്നലെ അത് 94.94 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. രാത്രിയിലെ പീക്ക് സമയത്തെ ആവശ്യകതയിലും കുറവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 5400 മെഗാവാട്ട് വരെ ഉയർന്ന ഉപയോഗം ഇന്നലെ 5200 മെഗാവാട്ടായാണ് കുറഞ്ഞത്.
അതേസമയം, നിലവിലെ പ്രതിസന്ധി പൂർണ്ണമായി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്താൻ ബോർഡ് ഡയറക്ടർമാർ അവിടേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായാണ് കെ.എസ്.ഇ.ബി അധികൃതർ ചർച്ചകൾ നടത്തുക. ഓൺലൈനായി ചേർന്ന ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.