സി.എ.ജി ഓഡിറ്റിങ് രീതിക്കെതിരെ മുഖ്യമന്ത്രി; നടപടിയിലെ വീഴ്ചകൾക്ക് പകരം നയങ്ങളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സി.എ.ജിയുടെ ഓഡിറ്റിങ് രീതിക്കെതിരെ പി.എ.സി അഖിലേന്ത്യ സമ്മേളനത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭരണപരമായ വീഴ്ചകളോ നടപടിക്രമങ്ങളോ ഓഡിറ്റ് ചെയ്യുന്നതിന് പകരം സർക്കാറിന്റെ നയപരമായ തീരുമാനങ്ങളുടെ ഗുണദോഷങ്ങളെ ചോദ്യം ചെയ്യുകയാണ് സി.എ.ജി ചെയ്യുന്നതെന്നും ഇത് ‘സാമ്പത്തിക മേൽനോട്ടം’ എന്ന പരമ്പരാഗത ചുമതലയിൽനിന്നുള്ള വഴുതിമാറലാണെന്നും സതീശൻ പറഞ്ഞു.

സി.എ.ജിയുടെ ഈ സമീപനം ഓഡിറ്റിന്റെ യഥാർഥ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ്. 2ജി സ്പെക്ട്രം, വിഴിഞ്ഞം പോർട്ട് എന്നിവയെക്കുറിച്ച് സി.എ.ജി സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ ഇതിന് ഉദാഹരണമാണ്. 2ജി സ്പെക്ട്രം വിഷയത്തിൽ 1.76 ലക്ഷം കോടിയുടെ നഷ്ടമെന്ന കണ്ടെത്തൽ യഥാർഥത്തിൽ സംഭവിച്ച നഷ്ടമല്ല, മറിച്ച് അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച സി.എ.ജി പരാമർശം പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകളെ വിലയിരുത്തുന്നതിലെ അടിസ്ഥാന സമീപനവുമായി ബന്ധപ്പെട്ടതാണ്. പൊതുമേഖല ഓഡിറ്റ് തത്വങ്ങൾ അതേപടി പി.പി.പിയിൽ ബാധകമാക്കിയതോടെ വിഴിഞ്ഞം പദ്ധതിയുടെ നിയമപരവും സാമ്പത്തികവുമായ ഘടന തെറ്റായി ചിത്രീകരിക്കപ്പെടാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പി.എ.സിയുടെ അധികാരം മുൻ സർക്കാർ വെട്ടിച്ചുരുക്കി

നിയമസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് പി.എ.സിയുടെ അധികാരങ്ങൾ മുൻ സർക്കാർ വെട്ടിച്ചുരുക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2021 ജനുവരിയിൽ കേട്ടുകേൾവിയില്ലാത്ത നടപടിക്രമത്തിലൂടെയാണ് കിഫ്ബി ഓഡിറ്റ് കണ്ടെത്തലുകളെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയിൽനിന്ന് കേരള നിയമസഭ ഒഴിവാക്കിയത്. സി.എ.ജി റിപ്പോർട്ടിലെ ചില നിർണായകവും വിമർശന സ്വഭാവത്തിലുമുള്ള നിരീക്ഷണങ്ങളെ പൂർണമായി തള്ളിക്കളയുകയും നീക്കം ചെയ്യുകയും ചെയ്യുന്ന പ്രമേയം നിയമസഭ പാസാക്കി.

സാധാരണ പാർലമെന്ററി നടപടിക്രമങ്ങൾ അനുസരിച്ച് സി.എ.ജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവെച്ചാൽ, വിശദ പരിശോധനക്കായി അത് സ്വയം പി.എ.സിക്ക് വിടേണ്ടതാണ്. എന്നാൽ, കേരള നിയമസഭ ഈ പ്രക്രിയയെ തടസ്സപ്പെടുത്തുകയായിരുന്നു. സഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി ഭരണഘടനാപരമായി സമർപ്പിച്ച ഒരു സി.എ.ജി റിപ്പോർട്ട് തള്ളിക്കളയാൻ നിയമസഭക്ക് ഭരണഘടനാപരമായ അധികാരമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala Chief Minister Criticizes CAG's Shift in Audit Methodology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.