പാർലമെന്റിലെയും സംസ്ഥാനങ്ങളിലെയും പി.എ.സി അധ്യക്ഷരുടെയും അംഗങ്ങളുടെയും അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കേരള വേഷത്തിലെത്തിയ ലോക്സഭ സ്പീക്കർ ഓം ബിർല. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ലോക്സഭ പി.എ.സി അധ്യക്ഷൻ കെ.സി. വേണുഗോപാൽ എന്നിവർ സമീപം -പി.ബി. ബിജു
‘ഡൽഹിയിൽ സ്തംഭിപ്പിക്കൽ, കേരളത്തിൽ സമാധാനം’; എം.പിമാരെ ട്രോളി ലോക്സഭ സ്പീക്കർ ഓം ബിർല
തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ലോക്സഭാംഗങ്ങൾ ഡൽഹിയിൽ സഭ തടസ്സപ്പെടുത്താറുണ്ടെങ്കിലും കേരളത്തിൽ അങ്ങനെ ചെയ്യാറില്ലെന്നും അതുകൊണ്ട് താൻ സംസ്ഥാന നിയമസഭയിലെ എല്ലാ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ലോക്സഭ സ്പീക്കർ ഓം ബിർല. പി.എ.സി അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആമുഖമായായിരുന്നു പരാമർശം.
കേരള നിയമസഭക്ക് അതിന്റേതായ പ്രത്യേകതയുണ്ടെന്ന് ഓം ബിർല തുടർന്ന് പറഞ്ഞു. ഇവിടെ വളരെയധികം സഭ നടപടികളും ചർച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. എന്നാൽ സഭ തടസ്സപ്പെടാറില്ല.
കേരളത്തിലുള്ള സംവാദത്തിന്റെ ഈ നല്ല പാരമ്പര്യത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കേണ്ടതുണ്ട്. കേരളത്തിന് അതിന്റേതായ ഒരു വ്യക്തിത്വമുണ്ട്.
ഇവിടത്തെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം, വിദ്യാഭ്യാസം, ജനകീയ മുന്നേറ്റങ്ങൾ, പരിഷ്കർത്താക്കൾ, ശക്തമായ ജനാധിപത്യ സംവിധാനങ്ങൾ എന്നിവ പ്രധാനപ്പെട്ടതാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രകൃതിസൗന്ദര്യവും രുചികരമായ ഭക്ഷണരീതി കൊണ്ടും സാഹിത്യം, സംസ്കാരം, നൃത്തം തുടങ്ങിയ സമ്പന്നമായ സാംസ്കാരിക പൈതൃകം കൊണ്ടും ഏവരെയും ആകർഷിക്കുന്ന കേരളത്തിലേക്ക് വരുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ഹരിവംശ് പറഞ്ഞു.
ഇവിടെയുള്ളവർ വളരെ ഉദാരമനസ്കരാണ്. ഭൂപരിഷ്കരണം, മാനവ വികസന സൂചിക, ജനാധിപത്യ വികേന്ദ്രീകരണം, നിയമനിർമാണ പരിഷ്കാരങ്ങൾ എന്നിങ്ങനെ നിർണായക ചുവടുവെപ്പുകൾ കൊണ്ട് ശ്രദ്ധേയമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫയൽ തീർപ്പാക്കാൻ 15 വർഷം! ഇത് ശരിയല്ലെന്ന് ഓം ബിർല
തിരുവനന്തപുരം: പബ്ലിക് അക്കൗണ്ട് കമ്മിറ്റികൾക്ക് (പി.എ.സി) മുന്നിലെ ഫയലുകൾ തീർപ്പാക്കാൻ 15ഉം 20ഉം വർഷമെടുക്കുന്നത് ശരിയായ രീതിയല്ലെന്നും ഇത് പരിഹരിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് കൃത്യമായ കർമപദ്ധതി തയാറാക്കണമെന്നും ലോക്സഭ സ്പീക്കർ ഓം ബിർല.
പാർലമെന്റിലെയും സംസ്ഥാനങ്ങളിലെയും പി.എ.സി അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യ സമ്മേളനം നിയമസഭയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരീക്ഷണ സംവിധാനങ്ങൾ സംസ്ഥാനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ ‘സിസ്റ്റം’ മെച്ചപ്പെടുത്തണം. പൊതുപണത്തിന്റെ വിനിയോഗം ഉത്തരവാദിത്തത്തോടെയാണെന്ന് ഉറപ്പാക്കൽ ജനാധിപത്യത്തിന്റെ കരുത്താണ്.
പി.എ.സികളിൽ എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതിനാൽ പൊതുപണത്തിന്റെ ചെലവഴിക്കൽ കൃത്യമായി നടക്കുന്നുണ്ടെന്നും ചോർച്ചയോ ദുർവ്യയമോ ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പി.എ.സികളുടെ മുന്നിൽ വൻതോതിലുള്ള ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തുമ്പോഴേക്കും അവർ വിരമിക്കുകയോ മരിക്കുകയോ ചെയ്തിരിക്കും.
പിന്നെ എന്ത് പ്രസക്തിയാണ് പി.എ.സികൾക്കുള്ളത്. ഈ സാഹചര്യത്തിൽ എല്ലാ ഫയലുകളും തീർപ്പാക്കാൻ ഒരു പ്രത്യേക ഡ്രൈവ് നടത്തണമെന്നും സതീശൻ പറഞ്ഞു. വൻശക്തികൾ സാമ്പത്തിക സംയോജനത്തെ ആയുധങ്ങളായും തീരുവകളെ സമ്മർദ്ദ തന്ത്രങ്ങളായും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെ ഭീഷണികളായും ഉപയോഗിക്കുന്നുവെന്നും ജാഗ്രത വേണമെന്നും രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് അഭിപ്രായപ്പെട്ടു.
ലോക്സഭ പി.എ.സി അധ്യക്ഷൻ കെ.സി. വേണുഗോപാൽ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കേരള നിയമസഭ പി.എ.സി അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ സംബന്ധിച്ചു. ലോക്സഭ സ്പീക്കർ ഓം ബിർലക്ക് ഗാർഡ് ഓഫ് ഓണർ നൽകിയാണ് ചടങ്ങിൽ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.