ഒഴിവുകൾ ഒറ്റ യൂനിറ്റായി പരിഗണിക്കണമെന്ന ചട്ടം മറികടക്കുന്നു; കേരള സർവകലാശാല കരാർ അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറിക്ക് നീക്കം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പഠന വകുപ്പുകളിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ നടത്തുന്ന കരാർ അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറിക്ക് കളമൊരുങ്ങുന്നു.
സർവകലാശാലയിലെ മുഴുവൻ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി പരിഗണിച്ച് നിയമനം നടത്തണമെന്ന നിയമത്തിന് വിരുദ്ധമായി, ഓരോ വകുപ്പിലെയും ഒഴിവുകൾ പ്രത്യേകം പരിഗണിച്ച് നിയമനം നടത്താനാണ് നീക്കം.
ഇതുവഴി സംവരണ വിഭാഗങ്ങൾക്ക് അർഹമായ വിഹിതത്തിൽ കുറവുവരും. നിയമനത്തിനായുള്ള അഭിമുഖം സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ സർവകലാശാലയിൽ പുരോഗമിക്കുകയാണ്.
സ്ഥിരം നിയമനത്തിന് പാലിക്കുന്ന മാനദണ്ഡങ്ങൾ താൽക്കാലിക നിയമനങ്ങൾക്കും ബാധകമാണെന്ന് യു.ജി.സി റെഗുലേഷനിലും വ്യക്തമാക്കിയിട്ടുണ്ട്.
നൂറിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുമ്പോൾ സർവകലാശാലയിലെ മുഴുവൻ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കുന്നതിന് പകരം വകുപ്പ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് സംവരണ റോസ്റ്ററിന്റെ ഫലപ്രദമായ നടപ്പാക്കലിന് തടസ്സമാകും.
ഓരോ വകുപ്പുകളിലും മൂന്നിലധികം തസ്തികകളിൽ നിയമനം നടക്കാൻ സാധ്യത കുറവുള്ള സാഹചര്യത്തിൽ റോസ്റ്ററിലെ നാല്, ആറ്, എട്ട് തുടങ്ങിയ സ്ഥാനങ്ങളിൽ അവസരം ലഭിക്കേണ്ട പിന്നാക്ക, പട്ടിക ജാതി/ വർഗ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് അർഹമായ പ്രാതിനിധ്യം നിഷേധിക്കപ്പെടും.
വകുപ്പ്തലത്തിൽ സംവരണം നടപ്പാക്കുമ്പോൾ ജനറൽ വിഭാഗത്തിലുള്ളവർക്കും സംവരണ ക്രമത്തിൽ മുന്നിൽ വരുന്ന ഒന്നോ രണ്ടോ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും മാത്രമായിരിക്കും പ്രാതിനിധ്യം ലഭിക്കുക.
മുഴുവൻ തസ്തികകളും ഒന്നിച്ചെടുക്കുമ്പോൾ സംവരണക്രമത്തിൽ പിന്നിൽ നിൽക്കുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കും. നിയമനത്തിനായി സർവകലാശാല പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംവരണ ക്രമം സംബന്ധിച്ച് പരാമർശിക്കാതിരുന്നത് അട്ടിമറിക്കുള്ള നീക്കമാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.