പുതിയ നോട്ടത്തെിയില്ല; കേരളത്തിന് വീണ്ടും അവഗണന

കോട്ടയം: പുതിയ നോട്ടുകളുടെ വിതരണത്തിലും കേരളത്തിന് ആര്‍.ബി.ഐയുടെ അവഗണന. 500, 100 രൂപയുടെ പുതിയ നോട്ട് തിങ്കളാഴ്ച മുതല്‍ രാജ്യത്തെങ്ങും യഥേഷ്ടം ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കേരളത്തിലെ ഒരു ബാങ്കിലും എത്തിയില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പുതിയ 500 രൂപ നോട്ട് ആവശ്യാനുസരണം ലഭ്യമായെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയും യു.പിയുമടക്കം മിക്കയിടത്തും 100 രൂപ നോട്ടും ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഇടപാടുകാര്‍ക്ക് റദ്ദാക്കിയ 500,1000 രൂപ നോട്ടുകള്‍ക്ക് പകരം  തിങ്കളാഴ്ചയും ലഭിച്ചത് റിസര്‍വ് ബാങ്ക് നേരത്തേ ഒഴിവാക്കിയ മുഷിഞ്ഞ നോട്ടുകളായിരുന്നു. ഇതില്‍ ചിലത് കൊണ്ടുനടക്കാന്‍ പോലും പറ്റാത്തതുമായിരുന്നു. 2001ല്‍ ആര്‍.ബി.ഐ ഉപേക്ഷിച്ച നോട്ടുകളും ഇതിലുണ്ട്. പലയിടത്തും ഈ നോട്ട് സ്വീകരിക്കാന്‍ കച്ചവടക്കാര്‍ തയാറായില്ല.
അടുത്ത ദിവസങ്ങളിലൊന്നും പുതിയ നോട്ട് എത്തില്ളെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 500 രൂപയുടെ നോട്ട് കുറച്ചെങ്കിലും ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ട് ലഭിക്കാന്‍ രണ്ടു ദിവസം കൂടി വേണ്ടിവരുമെന്നും അതുവരെ 2000ത്തിന്‍െറ നോട്ടുകള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, 100 രൂപ നോട്ടുകളുടെ ക്ഷാമം സംസ്ഥാനത്ത് ഇന്നലെയും തുടര്‍ന്നു. എ.ടി.എം വഴിയുള്ള പണം വിതരണത്തിനു സോഫ്ട്വെയറിലും നെറ്റ്വര്‍ക്കിലും നടത്തുന്ന മാറ്റങ്ങള്‍ അന്തിമഘട്ടത്തിലാണ്. ചില ബാങ്കുകള്‍ സോഫ്ട്വേര്‍ മാറ്റിയിട്ടുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി പരിഹരിച്ചാല്‍ എ.ടി.എം വഴി പണം ലഭ്യമാക്കാനാവുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. പലയിടത്തും ഇന്നലെയും എ.ടി.എമ്മുകള്‍ തുറന്നില്ല. തുറന്നവ ഉച്ചയോടെ കാലിയായി. ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ബാങ്ക് കൗണ്ടറുകള്‍ ബുധനാഴ്ച മുതല്‍ തുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ വലിയ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
എന്നാല്‍, തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, എരുമേലി, പമ്പ എന്നിവിടങ്ങളില്‍ ഇതിന് നടപടി പൂര്‍ത്തിയാക്കാന്‍  ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്കുകള്‍ക്ക് പുറത്ത് കൗണ്ടര്‍ തുറക്കാനുള്ള നടപടി അസാധ്യമാണെന്ന കാര്യവും ഉദ്യോഗസ്ഥര്‍ മറച്ചുവെക്കുന്നില്ല. സുരക്ഷാപ്രശ്നങ്ങളുമുണ്ട്. പമ്പയിലും ശബരിമലയിലും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലും ബാങ്കുകളില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
സഹകരണ ബാങ്കുകളില്‍ നോട്ട ്മാറ്റം വീണ്ടും അനിശ്ചിതത്വത്തിലായി. സഹകരണ ബാങ്കുകള്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും റിസര്‍വ് ബാങ്കിന്‍െറ നിലപാടാവും അന്തിമമെന്നാണ് സൂചന. സഹകരണ ബാങ്കുകളില്‍ ഇന്നലെയും ഇടപാടുകളൊന്നും നടന്നില്ല.

Tags:    
News Summary - no new notes in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.