ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ പ്രവർത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ആവേശപൂർവം ആർപ്പ് വിളിച്ച് പ്രവർത്തകർക്കുനേരെയായിരുന്നു ശാസന.
ശബ്ദം നിയന്ത്രണാതീതമായതോടെ, കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലയിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചു, ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചു, കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, ലോകം അത്ഭുതത്തോടെ കേട്ടു ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിൽ ഉന്നയിച്ചപ്പോഴാണ് അണികൾ ആവേശഭരിതരായത്. ഉച്ചത്തിൽ കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തു. ഇതോടെയാണ് പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പിന്നാലെ സദസ്സ് നിശബ്ദമായി.
കഴിഞ്ഞദിവസം പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ മുതിർന്ന സ്വന്തം പാർട്ടിക്കാരനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് മുഖ്യമന്ത്രി മറുപടി നൽകിയത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ‘ചെറ്റത്തരം’ മുതൽ ‘വീട്ടിൽ പോയി ചോദിക്കണം’ വരെ മുഖ്യമന്ത്രിയുടെ അതിരുവിട്ട പരാമർശങ്ങളിൽ മിണ്ടാനും വിഴുങ്ങാനുമാകാതെ സി.പി.എം പ്രതിരോധത്തിലാണ്. പദപ്രയോഗങ്ങൾ വിവാദമായിട്ടും തിരുത്താൻ തയാറായില്ലെന്ന് മാത്രമല്ല, പതിവുപോലെ പറഞ്ഞതിലുറച്ച് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.
സംസ്ഥാന രാഷ്ട്രീയത്തിൽ ‘കരുത്തനായ നേതാവ്’ എന്ന പ്രതിച്ഛായ നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്ന ശൈലി പലപ്പോഴും ധിക്കാരപരമാണെന്നാണ് വിമർശനം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണി തോല്‍വിയില്‍ സി.പി.എമ്മിനെ ശക്തമായി വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിനെതിരെ ‘‘പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും’’ എന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.