ഓണക്കാലത്ത് പാചകവാതക ക്ഷാമം ഒഴിവാക്കണം; കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്ത് ഗാർഹിക പാചകവാതകത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി സംസ്ഥാന സർക്കാർ. ഉത്സവ സീസണിൽ ഇന്ധന ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത്, ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിനുള്ള കാത്തിരിപ്പ് കാലയളവ് വെട്ടിച്ചുരുക്കണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിക്ക് മന്ത്രി ഔദ്യോഗികമായി കത്തയച്ചു.

നിലവിലുള്ള ക്രമീകരണമനുസരിച്ച് നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവുമാണ് ഗാർഹിക ഇന്ധനം ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് കാലയളവ്. എന്നാൽ, ഓണക്കാലത്ത് വീടുകളിലെ പാചകവാതക ഉപയോഗം സാധാരണയേക്കാൾ വളരെ കൂടുതലായിരിക്കും. വിനോദസഞ്ചാരികളുടെ വർധനവിനുപുറമേ, പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്ന വേളയാണിത്. അതിനാൽ നിലവിലുള്ള ഈ സമയവ്യത്യാസവും ബുക്കിങ് നിയന്ത്രണങ്ങളും സാധാരണക്കാരായ കുടുംബങ്ങളെ സാരമായി ബാധിക്കും.

ഉത്സവകാലത്തെ എൽ.പി.ജി ക്ഷാമം പൂർണമായും ഒഴിവാക്കാൻ, സംസ്ഥാനത്ത് ഗ്യാസ് റീഫിൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കാൻ കേന്ദ്രം തയാറാകണമെന്ന് കത്തിൽ മന്ത്രി അഭ്യർഥിച്ചു.

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നിലനിൽക്കെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വാണിജ്യ പാതകവാതകത്തിനു പുറമെ ഇപ്പോൾ ഗാർഹിക പാതകവാതകത്തിനും ക്ഷാമം ഉ‍യർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന, പാചകവാതക വില  കുത്തനെ വർധിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 

പെട്രോൾ, ഡീസൽ വിലയിലും ഉയർന്ന തോതിലുള്ള വർധനയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനമാണ് നിരക്ക് ഉയർത്താൻ പ്രധാനമായും എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയിൽ മാറ്റം വരുത്താൻ കമ്പനികൾ തയാറായിരുന്നില്ല. ഇക്കാലയളവിൽ ഉണ്ടായ വൻ നഷ്ടം നികത്താനാണ് ഇപ്പോൾ ഒറ്റയടിക്ക് വില കൂട്ടാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.