മുട്ടിൽമരം മുറിക്കേസ്; അഗസ്റ്റിൻ സഹോദരന്മാർ 18ന് വീണ്ടും ഹാജരാകണം

കൊച്ചി: സംസ്ഥാനത്ത് വലിയ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഈ മാസം 18-ന് വീണ്ടും ഹാജരാകണമെന്ന് കോടതി നിർദേശം. കേസിന്റെ വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി അന്ന് കോടതി പ്രതികളെ കുറ്റങ്ങൾ വായിച്ചുകേൾപ്പിക്കും.

ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് വിചാരണക്കോടതി പിൻവലിച്ചു.കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്കെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ കീഴടങ്ങിയിരുന്നു. എന്നാൽ ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇന്ന് നേരിട്ടെത്തിയപ്പോൾ വാറണ്ട് പിൻവലിച്ചത്.

വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ തടികൾക്ക് വനംവകുപ്പിന്റെ നിയമപരമായ പാസ് ഉണ്ടെന്ന് വ്യാജരേഖകൾ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കരിമുകളിലുള്ള ടിംബർ വ്യാപാരി എം.എം. അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസവഞ്ചന കാണിച്ചെന്നാണ് കേസ്.

തടികൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം വ്യാപാരി അറിയുന്നതും അമ്പലമേട് പൊലീസിൽ പരാതി നൽകുന്നതും. കേസ് റദ്ദാക്കണമെന്നും മരം മുറിച്ചുകടത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും വാദിച്ച് പ്രതികൾ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും, പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളിയിരുന്നു.

Tags:    
News Summary - Augustine Brothers to Appear on August 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.