വഖഫ് ഭേദഗതി നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല -വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തിൽ വഖഫ് ബോർഡ് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു എന്ന നിലയിൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സംസ്ഥാന വഖഫ് ബോർഡിന്‍റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പുതിയ ബോർഡ് അംഗങ്ങളെയും ചെയർമാനെയും തെരഞ്ഞെടുക്കുന്നതുവരെ നിലവിലുള്ള ബോർഡിന് തുടരാൻ ഹൈകോടതി നിർഭേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വഖഫ് ഭേദഗതി നിയമപ്രകാരം സർക്കാരാണ് വഖഫ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്. എന്നാൽ, കേരളത്തിൽ വഖഫ് ബോർഡിലേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റിലെ ഒരു അഡീഷനൽ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ച് ഉത്തരവായിട്ടുണ്ട്. മുത്തവല്ലിമാരുടെ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക തയാറാക്കി ആക്ഷേപങ്ങള്‍ ക്ഷണിക്കുന്നത് വരെയുള്ള നടപടികൾ വരണാധികാരി ആരംഭിച്ചു കഴിഞ്ഞു. മുസ് ലിം

വിഭാഗത്തിൽപെടുന്ന നിയമസഭ അംഗങ്ങളുടെ പട്ടിക നിയമസഭ സെക്രട്ടറിയിൽ നിന്നും വരണാധികാരിക്ക് ലഭിച്ചിട്ടുണ്ട്. ഭേദഗതി നിയമപ്രകാരമാണ് ബോർഡ് രൂപീകരിക്കുന്നതെങ്കിൽ വരണാധികാരിയെ നിയമിക്കുകയോ വോട്ടർപട്ടിക തയാറാക്കുകയോ ചെയ്യേണ്ടതില്ല. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ ശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയെയും ജോയിന്‍റ് പാർലമെന്‍ററി കമ്മറ്റി ചെയർമാനെയും സംസ്ഥാന വഖഫ് മന്ത്രി നേരിൽകണ്ട് സംസ്ഥാന സർക്കാറിന്‍റെ വിയോജിപ്പ് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതാണ്. സംസ്ഥാനത്തെ മുസ് ലിം സംഘടനാ നേതാക്കളെയും പ്രതിനിധികളെയും നിയമപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് എറണാകുളത്ത് വച്ച് സംസ്ഥാന സർക്കാർ നേതൃത്വം നൽകി ഒരു വർക് ഷോപ്പ് നടത്തിയാണ് ഭേദഗതി നിയമത്തിനെതിരായ നിലപാട് സർക്കാർ രൂപപ്പെടുത്തിയത്. വഖഫ് ഭേദഗതി നിയമം നടപ്പിലാക്കപ്പെടുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിലയിൽ ബി.ജെ.പിയും മറ്റ് ചില ശക്തികളും നടത്തിയ പ്രചരണത്തെയും സർക്കാർ തള്ളിക്കളഞ്ഞതാണ്.

ഇപ്പോൾ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. വഖഫ് ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. വഖഫ് ഭേദഗതി നിയമത്തെ തുടർന്നും നിയമപരമായ വഴികളിലൂടെ ശക്തമായി എതിർക്കാൻ തന്നെയാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങൾ ദുരുദ്ദേശപരമാണെന്നും മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി.

Tags:    
News Summary - No decision has been taken to form a State Waqf Board under the Waqf Amendment Act - V. Abdurahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.