തിരുവനന്തപുരം: തദ്ദേശ ജനവിധിയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിലടക്കം തിരക്കിട്ട നീക്കങ്ങളിലേക്ക് സർക്കാർ. ശമ്പള പരിഷ്കരണത്തിന് കമീഷന് പകരം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താനാണ് ആലോചന.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികസാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാനാണ് നീക്കം. സർവിസ് കാര്യങ്ങളിൽ ശിപാർശ സമർപ്പിക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചേക്കും. സർക്കാർ കാലാവധി തീരാൻ അഞ്ച് മാസമാണ് ശേഷിക്കുന്നത്. കുടിശ്ശികയുള്ള ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചും അതിനൊപ്പം നിശ്ചിത ആനുകൂല്യം കൂടി ഉള്‍പ്പെടുത്തിയുമുള്ള ശമ്പള പരിഷ്‌ക്കരണമാണ് പരിഗണിക്കുന്നത്. സി. അച്യുത മേനോന്‍ സര്‍ക്കാറിന്‍റെ കാലത്താണ് കമീഷനെ നിയമിക്കാതെ ശമ്പളപരിഷ്കരണത്തിന് ഇതിനുമുമ്പ് ബദൽ മാർഗം സ്വീകരിച്ചത്. അന്ന്, സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രിതല ഉപസമിതിയെ നിയോഗിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ ശമ്പള പരിഷ്കരണ കമീഷനെ നിയോഗിച്ചത്. 2019 ഒക്ടോബറില്‍ ഡോ. കെ.മോഹന്‍ദാസ് അധ്യക്ഷനായി നിയോഗിച്ച 11ാം ശമ്പള കമീഷന്‍ രൂപവത്കരിച്ചു. 2021 ജനുവരി 30നാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള പുതുക്കിയ ശമ്പളം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് 2021 മാർച്ച് മുതൽ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ പരിഷ്കരണത്തിന്റെ കുടിശിക നാല് ഗഡുക്കളായി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ട് ഗഡുക്കൾ നൽകാൻ ബാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.