കൊച്ചി: ആസന്നമായ ലോകസഭ തെരെഞ്ഞെടുപ്പിന് മുമ്പ് ജാതി സെൻസസ് സംബന്ധിച്ച വ്യക്തമായ നിലപാടും ഉറപ്പും പ്രഖ്യാപിക്കാത്ത പാർട്ടികൾക്കും മുന്നണികൾക്കും വോട്ട് ചെയ്യില്ലെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾ ചെയ്തത് പോലെ കേരളത്തിലും ജാതി സെൻസസ് നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം.
മുഴുവൻ ജനവിഭാഗങ്ങളുടെയും ജാതി തിരിച്ചുള്ള കണക്കെടുപ്പും സാമൂഹ്യ, വിദ്യാഭ്യാസ സാമ്പത്തിക സ്ഥിതി വിവരങ്ങളും ലഭ്യമാക്കുവാൻ ഉതകുംവിധം സെൻസസ് നടപടികൾക്ക് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയും സുപ്രീം കോടതിയുടെ അനുമതിയുമുണ്ട്. ഈ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്നും മെക്ക ആവശ്യപ്പെട്ടു.
ജാതി സെൻസസിനെ ഭയക്കുന്ന ന്യൂനാൽ ന്യൂനപക്ഷം വരുന്നവർക്ക് സംസ്ഥാന സർക്കാർ അടിയറവ് പറയുന്ന സമീപനം തിരുത്തണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളും പാർട്ടികളും കക്ഷികളും നടത്തുന്ന പ്രക്ഷോഭ പരിപാടികളിൽ സഹകരിച്ച് പ്രവർത്തിക്കുവാൻ മെക്ക തീരുമാനിച്ചു.
മുഴുവൻ അധ:സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളെയും സംവരണ സമുദായങ്ങളെയും സഹകരിപ്പിച്ച് ജാതി സെൻസസിന് വേണ്ടിയുള്ള പ്രക്ഷോഭപരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ലാതല പ്രചാരണ പരിപാടികളും സംയുക്ത പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിനായി മുഴുവൻ സംവരണ സമുദായ സംഘടനകളേയും പങ്കെടുപ്പിച്ചുള്ള ആലോചനാ യോഗം ഉടൻ വിളിച്ച് ചേർക്കുവാനും തീരുമാനിച്ചു.
എറണാകുളം മെക്ക ഹെഡ് ക്വാർട്ടേഴ്‌സിൽ സംസ്ഥാന പ്രസിഡന്റ് പ്രഫ. പി. നസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ സെക്രട്ടറി പ്രഫ. ഇ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. അഖ്നിസ് റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ.കെ. അലി പ്രമേയമവതരിപ്പിച്ചു. വർക്കിങ് പ്രസിഡന്റ് എം.എ. ലത്തീഫ്, ഓർഗനൈസിങ് സെക്രട്ടറി ടി.എസ്. അസീസ് സെക്രട്ടറിയേറ്റ് ഭാരവാഹികളായ എ. മഹമൂദ്, കെ.എം. അബ്ദുൽ കരീം, പി.എസ്. അഷ്‌റഫ്, എം.എ. ഖാൻ, നസീബുള്ള മാഷ്, അബ്ദുൽ സലാം ക്ലാപ്പന, ജുനൈദ് ഖാൻ, എൻ.എ. മൻസൂർ, ജെ.എം. നാസറുദ്ധീൻ, നാസർ തങ്ങൾ, എൻജിനീയർ മുഹമ്മദ് ഗഫൂർ, യൂനുസ് കൊച്ചങ്ങാടി, എൻ.എ. മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.