പത്മജ
വയനാട്: കോൺഗ്രസ് വാക്കുപാലിച്ചില്ലെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് വയനാട് മുൻ ഡി.സി.സി ട്രഷറർ എം.എൻ വിജയന്റെ മരുമകൾ പത്മജ. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതുര പരിക്കുകൾ ഇവർക്കില്ലെന്ന് പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചെന്നും പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപെട്ടന്നും പത്മജ ഇന്നലെ പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യത വീട്ടാമെന്ന് കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നായിരുന്നു പരാതി. രണ്ടരക്കോടി രൂപയുടെ ബാധ്യത വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നുമായിരുന്നു പത്മജ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് അവർ മാധ്യമങ്ങളെ കണ്ടത്. നേതാക്കള്‍ പറഞ്ഞു പറ്റിച്ചെന്നും ഡി.സി.സി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതിതരാന്‍ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവര്‍ ചോദിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.