തിരുവനന്തപുരം: ഇൻഡ്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിക്കും. തെരഞ്ഞെടുപ്പിലെ തുടർ തോൽവികൾക്ക് കാരണം സഖ്യത്തിലെ അനൈക്യം തന്നെയാണ്. നിലവിലുള്ള സാഹര്യത്തിൽ നിന്നും മാറ്റം അനിവാര്യമാണ്. യോഗം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഡൽഹി പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആംആദ്മി പാർട്ടി ഇൻഡ്യ സഖ്യം വിടാൻ സാധ്യതയെന്ന പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രേമചന്ദ്രന്റെ പ്രതികരണം.
നിലവിലെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കണം. പ്രത്യാശക്കും പ്രതീക്ഷക്കും മങ്ങലേൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആം ആദ്മി പാർട്ടി ഇനി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായുണ്ടാകുമോയെന്ന് പ്രവചിക്കാൻ കഴിയില്ല. കൂട്ടായ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ ദയനീയമായി പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഇൻഡ്യ സഖ്യത്തിനെതിരെ മമത ബാനർജിയും രംഗത്തെത്തിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി തൃണമൂൽ കോൺഗ്രസ് സഖ്യത്തിനില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും മമതാ ബാനർജി. തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തൃണമൂൽ വീണ്ടും അധികാരത്തിലെത്തുമെന്നും നിയമസഭ ബജറ്റ് സെഷന് മുന്നോടിയായി വിളിച്ചുചേർത്ത എം.എൽ.എമാരുടെ യോഗത്തിൽ മമത പറഞ്ഞു.
'ഡൽഹിയിൽ ആം ആദ്മിയെ കോൺഗ്രസ് സഹായിച്ചിട്ടില്ല. ഹരിയാനയിൽ കോൺഗ്രസിനെ ആം ആദ്മി സഹായിച്ചിട്ടില്ല. രണ്ട് സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലെത്തി. എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. എന്നാൽ, ബംഗാളിൽ കോൺഗ്രസ് ഒന്നുമല്ല. ഞങ്ങൾ ഒറ്റക്ക് പോരാടും. ജയിക്കാൻ ഞങ്ങൾ ഒറ്റക്ക് മതി' -മമത പറഞ്ഞു.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോവില്ലെന്ന് സമാന ചിന്താഗതിയുള്ള പാർട്ടികൾക്ക് ധാരണയുണ്ടാകണം. ഒന്നിച്ചുനിന്നില്ലെങ്കിൽ ദേശീയതലത്തിൽ ബി.ജെ.പിയെ തടയൽ ഇൻഡ്യ മുന്നണിക്ക് പ്രയാസമാകും -മമത പറഞ്ഞു.
ബംഗാൾ തെരഞ്ഞെടുപ്പിൽ അനധികൃത വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള തിരിമറികൾ ബി.ജെ.പി നടത്താൻ സാധ്യതയുണ്ടെന്നും പാർട്ടി പ്രവർത്തകർ ജാഗ്രത കാട്ടണമെന്നും മമത മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.