നിതിൻ രാജിന്റെ മരണം: പരാതികൾ ലഭിച്ചില്ല, സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണം പുരോഗമിക്കുന്നു -വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഇത്തരമൊരു കാര്യങ്ങൾ സർവകലാശാലകളിൽ നടക്കേണ്ടതല്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നത് എല്ലാവർക്കും അറിയേണ്ടതുണ്ട്. പൊലീസിന്റെ അന്വേഷണം നടക്കുന്നതിനൊപ്പം സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.

അധ്യാപകരെ കുറിച്ചോ സർവകലാശാലയെ കുറിച്ചോ ഇതുവരെയും സർവകലാശാലക്ക് പരാതികളോന്നും ലഭിച്ചിട്ടില്ല. ഇപ്പോഴാണ് പരാതി ലഭിച്ചത്. ഇത്തരം കോളജുകൾ തുടരണമോയെന്നും യൂണിവേഴ്സിറ്റി ആലോചിക്കും. കൃത്യമായ നടപടി ആരോഗ്യ സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാകും. ചാൻസിലറെ കണ്ട് സ്ഥിതിഗതികൾ അറിയിക്കും. സർവകലാശാലയുടെ അന്വേഷണസംഘം ഇന്നോ നാളെയോ കോളജിലെത്തി അന്വേഷണം നടത്തും. കോളജ് അധികൃതർ നിതിന്റെ വീട്ടിലെത്താത്തത് ശരിയായ നടപടിയല്ല. കുട്ടികൾക്ക് വേണ്ടി നിയമപരമായ എല്ലാ സംവിധാനങ്ങളും എല്ലാ കോളജുകളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥിയുടെ മരണത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിന്റെ ഭാഗമായി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശനം നടത്തിയത്. മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ്. പുരോഗമന കേരളത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് പിണറായി വിജയൻ.

അതേസമയം, നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിർണായക തെളിവുകൾ ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് നിതിൻ കരഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പൊലീസിന് ലഭിച്ചത്. ലോൺ ആപ്പിന്റെ വിവരങ്ങൾ അറിയുന്നതിനായാണ് നിതിൻ രാജിനെ പ്രിൻസിപ്പൽ വിളിപ്പിച്ചതെന്നറിയുന്നു. നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടതായി ദൃക്സാക്ഷികളുടെ മൊഴി നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കോളജിനകത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും ചില രേഖകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

റാമിനെതിരെ വൻ വിമർശനമാണ് നിധിന്റെ സഹപാഠികളിൽ നിന്നുണ്ടാകുന്നത്. റാമിനെ അധ്യാപകൻ എന്ന് വിളിക്കാൻ കഴിയില്ല, ശരിക്കുമൊരു മൃഗമാണെന്ന് വരെ വിദ്യാർഥികൾ പറയുന്നു. നേരത്തെ രക്ഷിതാക്കൾ ആരോഗ്യ സർവകലാശാലയിൽ നൽകിയ പരാതിയിൽ ഡോ. റാമിനെ രണ്ടു മാസം സസ്പെന്‍റ് ചെയ്തിരുന്നുവെന്നും നയന കൂട്ടിച്ചേർത്തു. മരിച്ച ഒന്നാംവർഷ വിദ്യാർഥി നിതിൻ രാജിന് നീതി ലഭിക്കണമെന്നും വകുപ്പു മേധാവിക്കെതിരെയുള്ള പരാതികളിൽ നടപടി എടുക്കണമെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ജാതീയവും മാനസികയും ശാരീരികവുമായ പീഡനങ്ങൾ അവനാപിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അവസാന വർഷ വിദ്യാർഥികൾ പ്രിതിഷേധിക്കുന്നത്. നിതിന് ലഭിക്കണം വിദ്യാർഥി പ്രതിനിധികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Nithin Raj's death: No complaints received, investigation from the university is progressing - Vice Chancellor Dr. Mohanan Kunnummal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.