നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ അടുക്കുന്നു; ആരാച്ചാറില്ലാതെ കുഴങ്ങി തിഹാർ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ വധശിക്ഷ കാത്തു കഴിയുമ്പോൾ ആശങ്കയിലാകുന്നത് അവരെ പാർപ്പിച്ച തിഹാർ ജയിൽ അധികൃതരാണ്. ആരാച്ചാർ ഇല്ലാത്തതാണ് ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നത്.

പ്രതികളുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കുമെന്ന് മുതിർന്ന ജയിൽ അധികൃതർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. വധശിക്ഷക്കെതിരെ സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയാലുടൻ ശിക്ഷ നടപ്പാക്കും. അതിനാൽ, പ്രതിസന്ധി ഒഴിവാക്കാൻ ആരാച്ചാരെ തെരഞ്ഞ് തിഹാർ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി മറ്റ് ജയിലുകളുമായി ബന്ധപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ടത്രെ. ഒറ്റത്തവണ കരാറിൽ തിഹാറിൽ ആരാച്ചാറെ നിയമിക്കുന്ന പതിവില്ല.

പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ഇതേ പ്രശ്നം അന്ന് നേരിട്ടപ്പോൾ ഒരു ജയിൽ ഉദ്യോഗസ്ഥൻ തന്നെ ശിക്ഷ നടപ്പാക്കാൻ സമ്മതിച്ചിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്. മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂർ, പവൻ ഗുപ്ത എന്നിവർ ഇതുവരെ ദയാഹരജി സമർപ്പിച്ചിട്ടില്ല.

പ്രതി സമർപ്പിച്ച ദയാഹരജി തള്ളാൻ ഡൽഹി സർക്കാർ ശക്തമായി ശിപാർശ ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍റെ ശിപാര്‍ശ സഹിതം ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് സമർപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ദയാ ഹരജിക്ക് യാതൊരു യോഗ്യതയുമില്ലെന്നും നിരസിക്കാന്‍ ശക്തമായി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി ആഭ്യന്തരമന്ത്രി പ്രതികരിച്ചിരുന്നു.

Tags:    
News Summary - Nirbhaya case Execution nears Tihar has no hangman-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.