പേരാമ്പ്ര: ചങ്ങരോത്ത് സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ് മരിച്ച വളച്ചുകെട്ടിയിൽ സാബിത്ത് മലേഷ്യയിൽ പോയിരുന്നെന്ന വാർത്ത വ്യാജമാണെന്ന് യാത്രരേഖ പരിശോധിച്ചതിൽനിന്ന് വ്യക്തമായതായി പേരാമ്പ്ര സി.െഎ കെ.പി. സുനിൽ കുമാർ. വടകര റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എ.എസ്.െഎ സതീഷാണ് സാബിത്തിെൻറ വീട്ടിലെത്തി പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രരേഖകൾ പരിശോധിച്ചത്.
2017 ഫെബ്രുവരി 13നാണ് സാബിത്ത് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പോയത്. അവിടെ എ.സി. മെക്കാനിക് അസിസ്റ്റൻറായി ഏപ്രിൽ 10 മുതൽ ജോലിയിൽ പ്രവേശിച്ച സാബിത്ത് അൾസറിനെ തുടർന്ന് ആറുമാസം മുമ്പ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെ വയറിങ് ജോലി നോക്കിയ സാബിത്ത് പനിയെ തുടർന്ന് മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 18 ന് സഹോദരൻ സ്വാലിഹും മരിച്ചതോടെ വിദഗ്ധ പരിശോധ നടത്തുകയും രോഗം നിപ വൈറസ് മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു.
നിപ വൈറസിെൻറ ഉറവിടം കണ്ടെത്താൻ സാബിത്തിെൻറ വീട്ടുവളപ്പിലെ കിണറിലുള്ള വവ്വാലിനെ ഉൾപ്പെടെ പിടിച്ച് സാമ്പ്ളുകൾ പരിശോധനക്കയച്ചിരുന്നു. എന്നാൽ, ഇവയിൽനിന്നല്ല വൈറസ് പകർന്നതെന്ന് കണ്ടെത്തി. തുടർന്നാണ് ചില മാധ്യമങ്ങൾ സാബിത്ത് മലേഷ്യയിലായിരുന്നെന്നും അവിടെനിന്ന് ചികിത്സിച്ചിട്ട് രോഗം ഭേദമാവാത്തതു കൊണ്ട് നാട്ടിൽവന്ന് ചികിത്സിക്കുകയായിരുന്നെന്നും പ്രചരിപ്പിച്ചത്. ഇതിനെത്തുടർന്ന് യാത്ര വിവരമന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉത്തരവിടുകയായിരുന്നു.
സാബിത്തിെൻറ യാത്രയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ വ്യാപിച്ചതോടെ നാലു പേരെ നഷ്ടപ്പെട്ട ഈ കുടുംബവും ബന്ധുക്കളും വലിയ പ്രയാസമാണ് അനുഭവിച്ചത്. വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമസ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം. വളച്ചുകെട്ടി മൂസ മുസ്ലിയാരും മക്കളായ സാബിത്തും സ്വാലിഹും സഹോദര പത്നി മറിയവുമാണ് രണ്ടാഴ്ചക്കിടെ നിപ വൈറസ് ബാധയേറ്റ് മരിച്ചത്. മൂസ മുസ്ലിയാരുടെ ഭാര്യ മറിയവും ഇളയ മകൻ മുത്തലിബും ആവടുക്കയിലെ മറിയത്തിെൻറ തറവാട്ടിലാണ് താമസിക്കുന്നത്. പൊലീസ് വന്നതിനെ തുടർന്ന് മുത്തലിബ് സ്വന്തം വീട്ടിൽപോയി യാത്ര രേഖകൾ എടുത്ത് കൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.