തിരൂരങ്ങാടി/കൊളത്തൂർ: മലപ്പുറം ജില്ലയിൽ മരിച്ച മൂന്നുപേർക്കും നിപ വൈറസ് ബാധിച്ചത് കോഴിേക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നെന്ന് നിഗമനം.
മരിച്ച മൂന്നിയൂരിലെ സിന്ധുവും തെന്നലയിലെ ഷിജിതയും രോഗിയുടെ കൂട്ടിരിപ്പുകാരായും കൊളത്തൂരിലെ വേലായുധൻ ചികിത്സക്കുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ഷിജിത ശനിയാഴ്ചയും സിന്ധുവും വേലായുധനും ഞായറാഴ്ചയുമാണ് മരിച്ചത്. ഇവർക്ക് രോഗം പകർന്നത് കൂടെ ചികിത്സയിലുണ്ടായിരുന്ന പേരാമ്പ്രയിലെ കുടുംബവുമായുള്ള സമ്പർക്കത്തിലാവാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും കേന്ദ്ര സംഘവും.
അപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ഉബീഷിന് ഒരാഴ്ചയോളം ഷിജിത കൂട്ടിരുന്നിരുന്നു. ആശുപത്രിയിൽനിന്നെത്തിയ ഷിജിതക്ക് അസ്സഹനീയ കാലുവേദനയും വിറയലും അനുഭവപ്പെട്ടതിനെ തുടർന്ന് വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുതവണ ചികിത്സ തേടി.
തുടർന്ന് പനിയും ഛർദ്ദിയും കൂടിയപ്പോൾ കോട്ടക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
വാർധക്യസഹജമായ അസുഖമുള്ള അമ്മയുടെ ചികിത്സക്കായി രണ്ടുതവണ സിന്ധുവും മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയിരുന്നു. ഈ സമയം അമ്മയെ സ്കാൻ ചെയ്യാൻ പോയിടത്തുനിന്ന് പേരാമ്പ്രയിൽ മരിച്ചവരെ കണ്ടിരുന്നതായും സിന്ധു അവരുമായി സംസാരിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുതവണ ചികിത്സ തേടി. കുറവില്ലാതായതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സിച്ചു. പിന്നീട് വീട്ടിലെത്തിയ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിൽ ശരീരത്തിലെ മുഴ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനെ തുടർന്നാണ് വേലായുധെൻറ ആരോഗ്യനില വഷളായത്. പ്രമേഹം വർധിച്ച് വൃക്കയെ ബാധിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കടുത്ത പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാം ദിവസമാണ് മരണം. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വൈറസ് ബാധയേറ്റതാകാമെന്നാണ് സംശയം.
വ്യവസായ മേഖലയിൽ ജാഗ്രത നിർദേശം
പാലക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട് നിപ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിെൻറ കർശന ജാഗ്രത നിർദേശം. സംസ്ഥാനത്ത് നിപ വൈറസ് മൂലം മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
വ്യവസായ മേഖലയിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് നിരീക്ഷണം തുടങ്ങിയതായി അധികൃതർ പറഞ്ഞു. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുന്ന രോഗികൾക്ക് പ്രത്യേക പരിചരണം നൽകാനും വിശദ പരിശോധന നടത്താനും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുൾെപ്പടെയുള്ളവർക്ക് നിർദേശം നൽകി.
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള മേഖലകളിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കും. പകർച്ചവ്യാധികൾ പടരാതിരിക്കാനാണ് നടപടി. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കമ്പനി മേധാവികൾക്കും കരാർ ഏജൻസികൾക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
മരണവീട് സന്ദർശിച്ചവർക്ക് പനി
തിരൂർ: നിപ മരണം നടന്ന വീട് സന്ദർശിച്ചവർ പനി ബാധിച്ച് ആശുപത്രിയിൽ. വിവിധ ഭാഗങ്ങളിൽനിന്ന് നാലുപേരാണ് ചൊവ്വാഴ്ച വൈകീട്ടോടെ തിരൂർ ജില്ല ആശുപത്രിയിലെത്തിയത്. മുന്നിയൂരിൽ മരണപ്പെട്ട യുവതിയുടെ വീട് സന്ദർശിക്കുകയും അവരുടെ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തവർക്കാണ് പനി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.