നിപ വൈറസ് പടർന്നു പിടിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ അഭ്യർഥന പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആണ് വൈദ്യസംഘത്തെ അയക്കാൻ തീരുമാനിച്ചത്. ഇവർ തിങ്കളാഴ്ച കോഴിക്കോെട്ടത്തും.
സംസ്ഥാനം അതിജാഗ്രതയിൽ
കോഴിക്കോട് പന്തീരിക്കര സൂപ്പിക്കടയിൽ കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിന് കാരണം ‘നിപ വൈറസ്’ ആണെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രതാ നിർദേശം നൽകി. എല്ലാ ജില്ലാ മെഡിക്കൽ ഒാഫിസർമാരോടും അതത് ദിവസത്തെ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദേശം നൽകി.
ചെക്യാട് ഒരാൾ ഗുരുതരാവസ്ഥയിൽ
പാറക്കടവ്: ചെക്യാട് ഉമ്മത്തൂരിൽ പനിബാധിച്ച് ചികിത്സയിലായിരുന്നയാളുടെ നില ഗുരുതരം. തട്ടാൻറവിട അശോകനെയാണ് (49) പനിബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെക്യാട് പ്രാഥമിക ആരോഗ്യകേന്ദ്രം ചികിത്സ തേടിയ അശോകൻ പനി ഭേദമാവാതായതോടെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
സ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ വെൻറിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഏതുതരത്തിലുള്ള പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പന്തിരിക്കര സൂപ്പിക്കടയിൽ പനിബാധിച്ച് മൂന്നുപേർ മരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
ലക്ഷണങ്ങൾ
വൈറസ് ബാധയേറ്റാല്‍ അഞ്ചുമുതല്‍ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കണ്ടുതുടങ്ങും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണം. ചുമ, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. രോഗം ഗുരുതരമായാല്‍ ശ്വാസതടസം അനുഭവപ്പെട്ട് മരണം സംഭവിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.