തിരൂരങ്ങാടി/കൊളത്തൂർ: ആശങ്കയും ഭയവും വിട്ടുമാറാതെ വെന്നിയൂരിലെ ഉബീഷിെൻറ അമ്മയും രണ്ടു സഹോദരങ്ങളും. വെന്നിയൂരിൽ നിപ വൈറസ് ബാധിച്ചു മരിച്ച ഷിജിതയുടെ ഭർത്താവാണ് ഉബീഷ്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ ഉബീഷ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബത്തിെൻറ ആശങ്ക വിട്ടുമാറിയിട്ടില്ല. അമ്മയും രണ്ട് ഇളയ സഹോദരങ്ങളുമാണ് വീട്ടിലുള്ളത്. ഇവർ വീട്ടിൽ ഒറ്റപ്പെട്ടാണ് കഴിയുന്നത്. സമൂഹ മാധ്യമങ്ങളിൽ വരുന്ന തെറ്റായ പ്രചാരണം കാരണം പ്രദേശവാസികൾ അകറ്റി നിർത്തുന്നതായി ഇവർ പറയുന്നു.
ബന്ധുക്കളും വരുന്നില്ല. വീട്ടിലെ മറ്റാർക്കും അസുഖങ്ങളൊന്നുമില്ല. അച്ഛനും ജ്യേഷ്ഠനുമാണ് ആശുപത്രിയിൽ ഉബീഷിെൻറ പരിചരണത്തിനുള്ളത്. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും വീട് സന്ദർശിച്ച് മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അതേസമയം, മൂന്നിയൂരിൽ നിപ വൈറസ് ബാധയേറ്റ് മരിച്ച സിന്ധുവിെൻറ ഭർത്താവ് ആലിൻചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത് കുടുംബത്തിന് ആശ്വാസമായി.
വെള്ളിയാഴ്ചയാണ് നിപയല്ലെന്ന ലാബ് ഫലം വന്നത്. പനി ബാധിച്ച് ചികിത്സ തേടിയ സുബ്രഹ്മണ്യനെ അന്നുതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
നിപ വൈറസ് ബാധിച്ച് മരിച്ച കൊളത്തൂർ കാരാട്ടുപറമ്പിലെ താഴത്തിൽതൊടി വേലായുധെൻറ വീട്ടിൽ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. മരിച്ച വേലായുധനുമായി അടുത്തിടപഴകിയവർ ഉൾപ്പെടെ ആർക്കും ഒരു രോഗലക്ഷണവുമില്ലെന്ന് ആരോഗ്യ സംഘം അറിയിച്ചു. ബന്ധുക്കളും നാട്ടുകാരും കുടുംബവുമായി സഹകരിക്കുന്നുണ്ട്. ഇത് വലിയ ആശ്വാസമാണെന്ന് മകൻ വിജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.