കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ മരിച്ച പേരാമ്പ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടിൽ മൂസയുടെ മയ്യിത്ത് കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കി. ജില്ല ഭരണകൂടത്തിെൻറയും ആരോഗ്യവകുപ്പിെൻറയും കടുത്ത നിയന്ത്രണമുള്ളതിനാൽ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ് ഖബറടക്കൽ ചടങ്ങിലും നമസ്കാരത്തിലും പെങ്കടുത്തത്.
വൈറസ് പരക്കാൻ ഇടയുള്ളതിനാൽ വ്യാഴാഴ്ച രാവിലെ മരിച്ച മൂസയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത് അധികൃതർ വിലക്കിയിരുന്നു. ഇതിനാലാണ് നഗരത്തിലെ കണ്ണംപറമ്പ് ശ്മശാനത്തിൽ മറവ് ചെയ്യാൻ തീരുമാനിച്ചത്. ഇത്തരം മൃതദേഹം സംസ്കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രോേട്ടാക്കോൾ പ്രകാരമുള്ള എല്ലാ നിർദേശങ്ങളും പാലിച്ചായിരുന്നു സംസ്കാര ചടങ്ങ്.
വായു കടക്കാത്ത ഇരട്ട കവറിൽ പൊതിഞ്ഞ് പത്തടി താഴ്ചയുള്ള ഖബറിൽ മറമാടാനായിരുന്നു അധികൃതരുടെ നിർദേശം. ഇതിനാൽ ആറടി താഴ്ചയുള്ള ഖബർ നാലടി കൂടി കുഴിച്ച് കല്ല്വെച്ച് പടവ് ചെയ്താണ് ഖബരൊരുക്കിയത്. ചടങ്ങിൽ എത്തിയവർക്കെല്ലാം കടുത്ത സുരക്ഷാ സംവിധാനവുമൊരുക്കിയിരുന്നു. ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കണ്ണംപറമ്പ് ഖബർസ്ഥാെൻറ കവാടത്തിലെത്തിച്ച മൃതദേഹം കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാറും സഹ ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളായ നാലുപേരും ചേർന്ന് ഏറ്റുവാങ്ങി. ഇവരൊക്കെയും അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്ത്രവും ഗ്ലൗസും മാസ്കും എല്ലാം ഉപയോഗിച്ചിരുന്നു.
മൃതദേഹത്തിന് അഞ്ച് മീറ്റർ അകലെ നിന്നാണ് മയ്യിത്ത് നമസ്കാരവും പ്രാർഥനയും നടത്തിയത്. മൂസയുടെ അവശേഷിക്കുന്ന മകൻ മുത്തലിബും സഹോദരൻ മൊയ്തുവും ഉറ്റ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. കണ്ണംപറമ്പ് പളളി കമ്മിററി ഭാരവാഹികൾ ചടങ്ങിന് എല്ലാ സൗകര്യങ്ങളും ചെയ്ത് അവസാനം വരെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.