പേരാമ്പ്ര: നിപ വൈറസ് ബാധയുടെ ആദ്യ ഇരയായ പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്തിെൻറ പേരിലുള്ള നഷ്ടപരിഹാരം ഒരുവർഷം കഴിഞ്ഞിട്ടും കുടുംബത്തിന് ലഭിച്ചില്ല. നിപ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
ആദ്യം നിപ ബാധിച്ച് മരിച്ച സാബിത്തിേൻറത് ഒഴികെ ബാക്കിയെല്ലാവർക്കും തുക ലഭിച്ചു. 17 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. മുഹമ്മദ് സാബിത്തിൽ നിന്നാണ് രോഗം ആദ്യം പകർന്നതെന്നാണ് ആരോഗ്യവകുപ്പിെൻറ നിഗമനം. എന്നാൽ, സാബിത്ത് നിപ വൈറസ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചില്ലെന്നാണ് നഷ്ടപരിഹാരം നൽകാത്തതിന് അധികൃതർ കാരണം പറയുന്നത്.
2018 മാർച്ച് അഞ്ചിനാണ് സാബിത്ത് മരിച്ചത്. തുടർന്ന് ജ്യേഷ്ഠൻ സ്വാലിഹ്, പിതാവ് മൂസ, പിതൃസഹോദര പത്നി മറിയം എന്നിവരും രോഗം ബാധിച്ച് മരിച്ചു. സാബിത്തിെൻറ ഇളയ സഹോദരൻ മുത്തലിബും ഉമ്മ മറിയവും മാത്രമാണ് കുടുംബത്തിൽ ജീവിച്ചിരിക്കുന്നത്. മുത്തലിബ് വിദ്യാർഥിയും മാതാവ് വീട്ടമ്മയുമാണ്.
ധനസഹായം ലഭിക്കാൻ പല വാതിലുകളിലും മുട്ടിയതായി കുടുംബം പറയുന്നു. വില്ലേജ് ഓഫിസ് മുതൽ കലക്ടറേറ്റ് വരെ പോയെങ്കിലും എല്ലാവരും കൈമലർത്തി. സാബിത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കലക്ടറേറ്റിൽനിന്ന് ലഭിച്ച മറുപടി. ഇത് സ്ഥിരീകരിക്കേണ്ടത് ആരോഗ്യവകുപ്പാണെന്നും പറയുന്നു. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിയെ കണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു.
മൂന്നുപേർ നഷ്ടപ്പെട്ട ഈ കുടുംബത്തിന് ആശ്വാസമേകാൻ മുത്തലിബിന് സർക്കാർ ജോലി നൽകണമെന്ന ആവശ്യമുയർന്നെങ്കിലും ഇതും പരിഗണിച്ചിട്ടില്ല. സ്വാലിഹിെൻറ ചികിത്സക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചെലവായ 30,000 രൂപ സർക്കാർ അടക്കുമെന്ന് പറഞ്ഞെങ്കിലും അതും ലഭിച്ചിട്ടില്ല. കുടുംബം നേരത്തേ ആശുപത്രിയിൽ അടച്ച തുക സർക്കാർ തരുന്ന പക്ഷം തിരിച്ചുനൽകുമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.
ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ അന്വേഷിച്ചപ്പോൾ പണം അടച്ചെന്നാണ് പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ ഇത് ലഭിച്ചില്ലെന്നും പറയുന്നു. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കുടുംബത്തിനറിയില്ല. സാബിത്തിെൻറ പേരിലുള്ള ധനസഹായവും സ്വാലിഹിെൻറ ചികിത്സ ചെലവും ഉടൻ ലഭിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഈ ഉമ്മയും മകനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.