കോഴിക്കോട്: ദിവസങ്ങളായി സംസ്ഥാനത്തെ ആശങ്കയുടെ നിഴലിൽ നിർത്തുന്ന നിപ വൈറസ് ബാധയുടെ ചികിത്സക്കായി മാർഗരേഖ തയാറാക്കി. നിപയുടെ ഉറവിടം മുതൽ ശ്രദ്ധിക്കേണ്ട ഓരോ കാര്യങ്ങളും ശാസ്ത്രീയമായി വിശദീകരിക്കുന്ന രൂപരേഖയിൽ പക്ഷേ, വൈറസ് ബാധക്ക് ഇതുവരെ ചികിത്സയോ പ്രതിരോധ വാക്സിനോ ഇല്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വലിയ അളവിൽ എത്തിച്ച റിബാവിറിൻ എന്ന ആൻറിവൈറൽ മരുന്ന് നിപ വൈറസ് ബാധിച്ച എൻസഫലൈറ്റിസ് രോഗികളിൽ മരണനിരക്ക് കുറച്ചേക്കാം എന്ന വസ്തുത മാത്രമാണ് ആശ്വാസകരമായുള്ളത്. രോഗനിവാരണത്തിൽ റിബാവിറിന്‍ വലിയ പങ്കൊന്നുമില്ലെന്നും അണുബാധയേറ്റ രോഗികളിൽ സഹായക ചികിത്സയും അനുബന്ധ രോഗങ്ങൾക്കുള്ള ചികിത്സയും നൽകുന്നതാണ് പ്രധാനമെന്നും മാർഗരേഖയിൽ പറയുന്നു.
ഡൽഹിയിലെ നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജീത്ത് കെ. സിങ്, അഡീഷനൽ ഡയറക്ടർ ഡോ. എസ്.കെ. ജയിൻ, ഡോ. പി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽവെച്ചാണ് ഇന്ത്യയിലാദ്യമായി നിപ വൈറസിനു വേണ്ടി ചികിത്സ രൂപരേഖ തയാറാക്കിയത്. ലോകത്ത് അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത നിപയെക്കുറിച്ച് ആരോഗ്യവകുപ്പിലെ ഉന്നതരും വിദഗ്ധ ഡോക്ടർമാരും നൽകുന്ന ശാസ്ത്രീയമായ വിവരങ്ങൾ മാത്രമായിരുന്നു ഇതുവരെ പൊതുജനങ്ങൾക്കും പൊതുജനാരോഗ്യ പ്രവർത്തകർക്കും ആശ്രയിക്കാനുണ്ടായിരുന്നത്. പുതിയ രൂപരേഖയിൽ എല്ലാ കാര്യങ്ങളും ഏറെ വ്യക്തതയോടെയും കൃത്യതയോടെയും വിവരിച്ചിട്ടുണ്ട്.
1998 മുതൽ മേയ് 1999 വരെ ആദ്യമായി മലേഷ്യയിലും സിംഗപ്പൂരിലും 276 പേരുടെ ജീവനെടുക്കും വിധം നിപ വൈറസ് മരണതാണ്ഡവമാടിയ ചരിത്രത്തോടെയാണ് മാർഗരേഖ തുടങ്ങുന്നത്. ബംഗ്ലാദേശിലും അയൽപ്രദേശമായ പശ്ചിമ ബംഗാളിലും 2001, 2007 വർഷങ്ങളിലും രോഗം പൊട്ടിപ്പുറപ്പെട്ടു. ടെറോപസ് ജെനുസ്സിൽപ്പെട്ട വലിയ പഴംതീനികളായ വവ്വാലുകളാണ് പ്രകൃത്യാലുള്ള വൈറസ് വാഹകർ. രോഗം പൊട്ടിപ്പുറപ്പെടുന്നത് ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്. നാലുമുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് വൈറസ് ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങുക. അണുബാധയേറ്റ വവ്വാൽ, പന്നി എന്നിവയിൽനിന്നും വൈറസ്ബാധയേറ്റ മനുഷ്യനിൽനിന്നും രോഗം പടർന്നേക്കാം. കേരളത്തിലെ കേസുകൾ പരിശോധിക്കാൻ മണിപ്പാൽ വൈറസ് റിസർച്ച് െസൻററിലാണ് സംവിധാനമൊരുക്കിയത്.
പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് റഫറൽ ലാബ്. രോഗം ബാധിച്ച് മരിച്ചവരും സ്ഥിരീകരിച്ചവരുമായി നേരിട്ടുള്ള ബന്ധം പുലർത്തിയ ആളുകളെ പരമാവധി ഇൻക്യുബേഷൻ കാലയളവായ 21 ദിവസം നിരീക്ഷിക്കേണ്ടതുണ്ട്. സുരക്ഷിതമായ ഐസോലേറ്റഡ് ഇടത്തിൽ പ്രവേശിപ്പിച്ചതിനുശേഷമേ സാമ്പിൾ ശേഖരിക്കാവൂ. എൻ95 മാസ്ക്, ഡബ്ൾ സർജിക്കൽ ഗ്ലൗ, ഗൗൺ, ഗോഗ്ൾ തുടങ്ങിയവ ഉപയോഗിച്ചുമാത്രമേ രോഗീപരിചരണവും സാമ്പിൾ ശേഖരണവും ഉൾപ്പടെ ചെയ്യാവൂ. നിപ സംശയിക്കുന്ന രോഗികളുടെ ഐസോലേറ്റഡ് വാർഡിൽ കൂട്ടിരിപ്പുകാർ പോലും സന്ദർശിക്കരുത്.
മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വിശദമായ മാർഗനിർദേശങ്ങൾ രൂപരേഖയിൽ നൽകിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾ മൂന്നു മീറ്ററെങ്കിലും ദൂരെ നിന്നേ ചെയ്യാവൂ എന്നും 10 അടി ആഴത്തിലേ മൃതദേഹം അടക്കാവൂ എന്നും കർശനമായി നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.