പാലക്കാട്: കൈയുടെ എല്ലുകള്‍ പൊട്ടി പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സ തേടി ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പതു വയസ്സുകാരിക്ക് വീണ്ടും സർജറി. സ്റ്റിച്ചിട്ട ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെത്തുടർന്നാണിത്. നാലാം തവണയാണ് സർജറി നടത്തുന്നതെന്ന് പിതാവ് വിനോദ് പറഞ്ഞു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ തുടരുകയാണ്.
സെപ്റ്റംബര്‍ 24നാണ് കുട്ടിക്ക് വീണ് പരിക്കേറ്റത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയെന്ന് മനസ്സിലാക്കി പ്ലാസ്റ്റർ സ്ലാബിട്ടു. കൈയിലെ രക്തയോട്ടം കുഴപ്പമില്ലെന്ന് ഉറപ്പാക്കിയശേഷം മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തു. അടുത്ത ദിവസം ഒ.പിയിൽ വന്നപ്പോൾ കുട്ടിക്ക് വേദന ഉണ്ടായിരുന്നെങ്കിലും കൈവിരലുകൾ അനക്കാൻ പറ്റുന്നുണ്ടായിരുന്നു. വിരലുകളിൽ നീരും ഉണ്ടായിരുന്നില്ല. വേദനക്ക് മരുന്ന് നൽകിയശേഷം വിരലുകൾ അനക്കാനും നിറവ്യത്യാസം, കൂടുതൽ വേദന, നീര്, വേദന എന്നിവ കണ്ടാൽ ആശുപത്രിയിൽ വരാനും നീരില്ലെങ്കിൽ അഞ്ചു ദിവസം കഴിഞ്ഞ് പ്ലാസ്റ്റർ കാസ്റ്റ് ചെയ്യാൻ ഒ.പിയിൽ എത്താൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അത്യാഹിത വിഭാഗത്തിൽ കുട്ടിക്ക് ചികിത്സ നൽകിയിരുന്നു. സെപ്റ്റംബർ 30ന് ഒ.പിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. രക്തയോട്ടം ഇല്ലാത്തതിനാൽ സമയബന്ധിതമായി പ്രാഥമിക ചികിത്സ നൽകി വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ചികിത്സയില്‍ വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്നായിരുന്നു ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. സംഭവത്തില്‍ ജില്ല ആശുപത്രി ഓര്‍ത്തോ വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, നടപടിക്കെതിരെ ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ജില്ല കമ്മിറ്റി രംഗത്തുവന്നിരുന്നു. പൂർണമായി ചികിത്സ നൽകുന്നതിനുമുമ്പ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.