തിരൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു; അമ്മയുൾപ്പെടെ പിടിയിൽ

തിരൂർ: ഒമ്പത് മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപക്ക് വിറ്റു. മലപ്പുറം തിരൂരിലാണ് സംഭവം.വിവരമറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ തിരൂർ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമലത എന്നിവരെ സംഭവത്തിൽ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ വളർത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായ യുവതി പറഞ്ഞു.

അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയതെന്നാണ് വിവരം. 3 ലക്ഷം രൂപയാണ് കുഞ്ഞിനെ വിൽക്കാൻ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ കുഞ്ഞിന്‍റെ കുടുംബം തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.

അയൽക്കാരാണ് കുഞ്ഞിനെ കാണുന്നില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ മറുപടി നൽകിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം സമ്മതിച്ചു. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Nine-month-old baby sold for Rs 1.5 lakh in Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.