വധശിക്ഷ ബുധനാഴ്ച, ശിക്ഷ മാറ്റിവെക്കാൻ യമൻ സർക്കാറിന് അപേക്ഷ നൽകി നിമിഷപ്രിയയുടെ മാതാവ്

കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് യമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയധനം നൽകി ശിക്ഷയിൽ നിന്ന് ഇളവു നേടുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മാതാവ് യമൻ സർക്കാറിന് അപേക്ഷ നൽകിയിരിക്കുന്നത്.

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യമന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.

അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്താൻ കഴിയുമെന്നും നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് യമനിലെ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് മാതാവ് അപേക്ഷ നൽകിയത്.

യമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

യമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ പിന്നീട് വഴിമുട്ടുകയായിരുന്നു.

Tags:    
News Summary - Nimishapriya's mother requests Yemeni government to postpone execution on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.