നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയർന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവർ കാണുന്നുള്ളു. സ്വതന്ത്രനായ പി.വി. അൻവർ, കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധ്യതയുള്ളതിനാൽ ബി.ജെ.പി നാലാം സ്ഥാനത്ത് വരാനേ വഴിയുള്ളൂ. കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുള്ള പോളിങ്ങാണ് നിലമ്പൂരിലുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണുണ്ടായത്. ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് പ്രകടമായതെന്ന് വിലയിരുത്തുന്ന യു.ഡി.എഫ്, ഫലം ആര്യാടൻ ഷൗക്കത്തിന് അനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
നിലമ്പൂരിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം രാവിലെ 7.30ന് തുറന്നു
മലപ്പുറം: പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണുമെന്ന് നിലമ്പൂർ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ. മൈക്ക് കിട്ടുമ്പോൾ എന്ത് വിളിച്ച് പറയരുതെന്ന് സംസ്ഥാന സെക്രട്ടറിയായ ഗോവിന്ദൻ മാഷെ പിണറായി താക്കീത് ചെയ്തതിൽ തനിക്ക് അതിശയമില്ല. നിലമ്പൂരിലെ പരാജയത്തിന്റെ ഉത്തരാവാദിത്വം പാർട്ടി സെക്രട്ടറിയുടേയും സഖാക്കളുടെയും തലയിൽവെക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സി.പി ഐ.എം വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തിൽ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാർത്ത കേട്ടു.
മൈക്ക് കിട്ടുമ്പോൾ എന്തും വിളിച്ചു പറയരുതെന്ന് “സംസ്ഥാന സെക്രട്ടറിയായ” ഗോവിന്ദൻ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!!!!!
എനിക്ക് അതിശയം തോന്നിയില്ല.പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാർട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയിൽ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇത്.
പിണറായിസത്തിന്റെ കൈപ്പുരസം പാർട്ടി സെക്രട്ടറിക്കും ഇപ്പോൾ മനസിലായിക്കാണും!!!!സംസ്ഥാനത്തെ ജനങ്ങൾക്കും പാവപ്പെട്ട സഖാക്കൾക്കും വേണ്ടി പിണറായിസം നിർവ്വചിക്കാൻ സാധിച്ചതിൽ അഭിമാനം മാത്രം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷം വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടെണ്ണിത്തുടങ്ങും. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകൾ, നിലമ്പൂർ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ എന്നീ ക്രമത്തിൽ വോട്ടെണ്ണൽ പുരോഗമിക്കും.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം ഉറപ്പാണെന്ന് ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും അത് വ്യക്തമാണ്. എല്ലാ പഞ്ചായത്തുകളിലും തനിക്ക് ലീഡ് ലഭിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ വോട്ടെണ്ണൽ നടക്കാനിരിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.
ക്രോസ്വോട്ടിങ് നടന്നുവെന്ന പി.വി അൻവറിന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന്റെ ഒരു ആരോപണത്തിനും താൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇതിനും അതുപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന് വി.എസ് ജോയിയും പറഞ്ഞു.
ഭരണവിരുദ്ധതരംഗം നിലമ്പൂരിൽ പ്രതിഫലിക്കും. കുറഞ്ഞത് 10,000 വോട്ടിനെങ്കിലും യു.ഡി.എഫ് ജയിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു. വോട്ടെണ്ണലിന് തൊട്ട് മുമ്പായിരുന്നു വി.എസ് ജോയിയുടേയും പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.