തിരുവമ്പാടി: അനധികൃതമെന്ന് ആരോപണമുയർന്ന നിലമ്പൂർ എം.എൽ.എ പി.വി. അൻവറിെൻറ കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിെൻറ പിന്തുണ. പാർക്കിനെതിരെയുള്ള ആരോപണങ്ങൾ ശനിയാഴ്ച ചേർന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തള്ളി. ഏകകണ്ഠമായാണ് ഭരണസമിതിയിലെ പതിനാലംഗങ്ങളും വാട്ടർ തീം പാർക്കിനെ അനുകൂലിച്ചത്.
പഞ്ചായത്തീരാജ് ചട്ടങ്ങൾക്ക് അനുസൃതമായാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് ഭരണസമിതിയോഗത്തിനു ശേഷം പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വൈസ് പ്രസിഡൻറ് വി.എ. നസീർ എന്നിവർ വ്യക്തമാക്കി. മതിയായ രേഖകളോടെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്നായിരുന്നു ഭരണസമിതിയുടെ വിലയിരുത്തൽ. പുതിയ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പാർക്കിെൻറ അനുമതി രേഖകൾ പരിശോധിക്കാൻ ഏഴംഗ ഉപസമിതിയെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ചുമതലപ്പെടുത്തി.
പാർക്കുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഉപസമിതിയെ നിയോഗിക്കുന്നത്. പാർക്കിന് പഞ്ചായത്ത് അനുമതി നൽകുന്നതിന് മുമ്പ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഈ ഉപസമിതി പരിശോധന നടത്തിയശേഷമാണ് ലൈസൻസ് നൽകിയതെന്ന് ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. അതേസമയം, പാർക്കിന് മലിനീകരണനിയന്ത്രണബോർഡ് നൽകിയ നിരാക്ഷേപ പത്രം പിൻവലിച്ചത് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്തില്ല. ഇതിെൻറ വിശദാംശങ്ങൾ രേഖാമൂലം ലഭ്യമാകും വരെ നടപടിവേണ്ടെന്നാണ് തീരുമാനം. പാർക്കിന് അനുമതി നൽകുമ്പോൾ മലിനീകരണ നിയന്ത്രണ ബോർഡിെൻറ നിരാക്ഷേപ പത്രം നിലവിലുണ്ടായിരുന്നു. തൽസ്ഥിതിയാണ് ഇപ്പോഴും തുടരുന്നതെന്നാണ് അധികൃതരുടെ വാദം. മലിനീകരണ നിയന്ത്രണ ബോർഡ് രേഖകൾ
ഏഴംഗ ഉപസമിതി പരിശോധിക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പഞ്ചായത്ത് പ്രസിഡൻറിെൻറ മറുപടി.
എന്നാൽ, പാർക്കിന് ഉപാധികളോടെയാണ് ലൈസൻസ് അനുവദിച്ചതെന്നാണ് മലിനീകരണനിയന്ത്രണബോർഡ് അധികൃതർ പറയുന്നത്. ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് നിരാക്ഷേപപത്രം പിൻവലിച്ചത്. മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാണിച്ച് പാർക്കിന് ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലത്രെ. നിലവിൽ മലിനീകരണ നിയന്ത്രണബോർഡിെൻറ അനുമതിയില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കാത്തത് ശ്രദ്ധേയമായി.
അനുമതിയില്ലാതെ പാർക്കിെൻറ നിർമാണം ആരംഭിച്ചത് സ്വാഭാവികമാണെന്നാണ് പഞ്ചായത്തധികൃതരുടെ വാദം. ഇതിന് പാർക്ക്ഉടമയിൽനിന്ന് പിഴ ഈടാക്കി നടപടി ക്രമപ്പെടുത്തിയിട്ടുണ്ടെന്നാണ് അവർ പറയുന്നത്. ഇങ്ങനെ ക്രമപ്പെടുത്തുന്നത് തദ്ദേശസ്ഥാപനങ്ങളിൽ സ്വാഭാവിക നടപടിയാണെന്നാണ് അവരുടെ പക്ഷം.
ഇങ്ങനെ മൂന്നു തവണ എം.എൽ.എ പിഴ അടച്ച് നടപടി ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ തന്നെ പറയുന്നു.
അതേസമയം, പാർക്കിനെതിെര കടുത്ത നടപടികളികൾ സ്വീകരിക്കാതെ ഉപസമിതിയെ നിശ്ചയിച്ച് ഭരണസമിതി കൈകഴുകാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.