നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചപ്പോൾ 19 പേർ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നുമണിയോടെ എത്ര പേരുടെതാണ് സാധുവായ നാമനിർദ്ദേശപത്രികകൾ എന്നു വ്യക്തമാകും.
പ്രധാനപ്പെട്ട സ്ഥാനാർഥികളായ എൽ.ഡി.എഫിലെ എം.സ്വരാജും യു.ഡി.എഫിലെ ആര്യാടൻ ഷൗക്കത്തും പത്രിക സമർപ്പിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ട്. മാറിമറിഞ്ഞ പ്രസ്താവനകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ മുൻ എം.എൽ.എ പി.വി. അൻവർ തൃണമൂൽ സ്ഥാനാർഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
മത്സരിക്കുന്നില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തുരുമാനം അവസാന നിമിഷം മാറ്റി എൻ.ഡി.എ സ്ഥാനാർത്ഥി മോഹന്‍ ജോര്‍ജും പത്രിക നൽകിയിട്ടുണ്ട്. വ്യാപക മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ നിലമ്പൂരിൽ ഇരു മുന്നണികളും വ്യാപക പ്രചാരണത്തിന് പദ്ധതി തയാറാക്കിയിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ചൊവ്വാഴ്ച പഞ്ചായത്ത് തല പ്രചാരണ പരിപാടികളിലേക്ക് കടക്കും.
രാവിലെ 8.30ന് പോത്തുകല്‍ പഞ്ചായത്തില്‍ മുസ്‍ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞദിവസം മണ്ഡലത്തില്‍ സംഘടിപ്പിച്ച യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്നും അബ്ബാസലി തങ്ങള്‍ വിട്ടുനിന്നത് വിവാദമായതോടെ നേതൃത്വം ഇടപെട്ടാണ് ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് അബ്ബാസലി തങ്ങളെ ക്ഷണിച്ചത്.
എം. സ്വരാജിന്റെ മണ്ഡല പര്യടനവും തുടരുകയാണ്. പ്രചാരണത്തിനായി മന്ത്രിമാര്‍ അടക്കം മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും നിലമ്പൂരിൽ എത്തും. മണ്ഡലത്തില്‍ അധികമായി ക്രൈസ്തവ വോട്ട് നേടുകയെന്നതാണ് ബി.ജെ.പി ലക്ഷ്യം. ഇതിനായി ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സന്ദര്‍ശനം.
നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.