വി.ഡി. സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന ഹൈബി ഈഡൻ എം.പി
തിരുവനന്തപുരം: നിലമ്പൂരിലെ അഭിമാന പോരാട്ടത്തിൽ ആധികാരിക വിജയം കൂടി അക്കൗണ്ടിലുറപ്പിച്ചതോടെ, കോൺഗ്രസ് സംഘടനാ ചട്ടക്കൂടിൽ കൂടുതൽ കരുത്തനായി വി.ഡി. സതീശൻ. 2021ൽ നിലംപരിശായെന്ന് വിധിയെഴുതിയവർക്കുമുന്നിൽ മുന്നണിയുടെ അതിജീവനക്ഷമത അരക്കിട്ടുറപ്പിച്ച രാഷ്ട്രീയമുന്നേറ്റങ്ങളാണ് ‘തൃക്കാക്കര മുതൽ നിലമ്പൂർ വരെയെങ്കിൽ, അതിന്റെയെല്ലാം നേതാവും തലച്ചോറുമായിരുന്നു സതീശൻ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനുണ്ടായ മാറ്റത്തിന്റെ പുതിയ ഭാവമായിരുന്നു സതീശന്റെ നിയോഗം.
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.ഡി. സതീശൻ കരുത്തനായത് പ്രധാനമായും യുവനിരയുടെ പിന്തുണയാണ്. ഗ്രൂപ്പുകൾക്കതീതമായി ചലനാത്മകമായ ഈ യുവനിരയെ വളർത്തിയെടുക്കാനും സതീശന് കഴിഞ്ഞു. മുഖ്യമന്ത്രിടക്കം കളം നിറഞ്ഞിട്ടും നിലമ്പൂരിൽ യു.ഡി.എഫിലെ ഈ യുവനിര തീർത്ത ഓളം മറികടക്കാനായില്ല എന്നതും ഇതിനോട് ചേർത്തുവായിക്കണം.
അൻവർ ഉയർത്തിയ സമ്മർദങ്ങളെ ആർജവത്തോടെ നേരിട്ടതും സതീശനാണ്. ‘പിണറായിസ’ത്തെ താഴെയിറക്കാൻ രാജിവെച്ച പി.വി. അൻവർ ‘സതീശനിസ’ത്തെ പരാജയപ്പെടുത്താൻ മത്സരിക്കാനിറങ്ങുന്നതിലേക്ക് കാര്യങ്ങളെത്തി. കോൺഗ്രസ് ഒറ്റക്കെട്ടെന്ന് പറഞ്ഞപ്പോഴും ഈ ഘട്ടത്തിൽ ഒറ്റപ്പെടുകയായിരുന്നു സതീശൻ. നിലമ്പൂർ കൈവിട്ടിരുന്നെങ്കിൽ സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. തോറ്റാൽ തന്റെ മാത്രം ഉത്തരവാദിത്തമെന്നും ജയിച്ചാൽ യു.ഡി.എഫിന്റെ വിജയമെന്നുമായിരുന്നു സതീശന്റ നിലപാട്.
നിലമ്പൂരിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന്റെ ക്രെഡിറ്റ് വോട്ടർമാർക്കാണ്. അവർ കേരളത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്താണ് വോട്ട് ചെയ്തത്. പിണറായി സര്‍ക്കാരിനെ ജനം വിചാരണ ചെയ്തു. നിലമ്പൂരിലേത് ടീം യു.ഡി.എഫിന്റെ വിജയമാണ്. ഷൗക്കത്തിനെ ഉജ്ജ്വല ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചാല്‍ നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന വാക്ക് പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. വി.ഡി. സതീശൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.