മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ അടിമുടി മാറ്റം വരുത്തി ബി.ജെ.പി. ഈഴവവോട്ടുകളിൽ കാര്യമായ പ്രതീക്ഷയില്ലാത്തതിനാൽ പുറത്തുനിന്ന് വോട്ടുകൾ സമാഹരിക്കാൻ ബഹുമുഖ പദ്ധതികളാണ് പാർട്ടി ആവിഷ്കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് മേൽനോട്ടം വഹിക്കും.
പഞ്ചായത്തുകളിൽ ആർ.എസ്.എസ് നോമിനികളായ സംയോജകർ ചുമതലയേറ്റു. എസ്.എൻ.ഡി.പി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശന് അതൃപ്തിയുണ്ടാകുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്ന് തന്നെ ബി.ജെ.പി വോട്ട് കുറയാതെ നോക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് ഇടപെടൽ.
ഇത്തവണ എസ്.എൻ.ഡി.പി വോട്ടുകളിൽ ബഹുഭൂരിപക്ഷവും എൽ.ഡി.എഫിന് തന്നെ പോകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. വെള്ളാപ്പള്ളിയുമായുള്ള ധാരണപ്രകാരമാണ് ഈഴവ വോട്ടുകൾ എൽ.ഡി.എഫ് ഉറപ്പിച്ചിരിക്കുന്നതെന്നതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന് പോലും ബി.ജെ.പി ആലോചിച്ചിരുന്നു.
മത്സരിക്കണമെന്ന തീരുമാനമുണ്ടായത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ്. സ്ഥാനാർഥി നിർണയത്തിലും ആശയക്കുഴപ്പമുണ്ടായി. വെള്ളാപ്പള്ളിയുടെ ചുവടുമാറ്റം കാരണം ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വം സ്ഥാനാർഥിയെ നിർത്താൻ താൽപര്യപ്പെട്ടില്ല. ഒടുവിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ശ്രമഫലയാണ് മാർത്തോമ സഭാംഗമായ സ്ഥാനാർഥിയെ ലഭിച്ചത്.
കൈസ്തവസഭകളുമായി കൂടിയാലോചിച്ചാണ് ജോർജ്ജ് കുര്യൻ, അഡ്വ. മോഹൻ ജോർജിനെ തീരുമാനിച്ചതെന്ന് പറയുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 12,000ൽ പരം വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ഈ വോട്ട് കുറയാതെ നോക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് കിട്ടിയ വോട്ടുകൾ അഡ്വ. മോഹൻ ജോർജിന് ലഭിക്കാനിടയില്ല. പകരം ക്രൈസ്തവ സമുദായത്തിൽനിന്നും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽനിന്നും വോട്ട് സമാഹരിക്കാനാണ് നീക്കം. മലയോര മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളിൽ ഭൂരിഭാഗവും യു.ഡി.എഫിനോട് ആഭിമുഖ്യമുള്ളവരാണ്.
ഈ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനാണ് ശ്രമം. ക്രൈസ്തവകേന്ദ്രങ്ങളിലാണ് ബി.ജെ.പി സ്ഥാനാർഥി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. കത്തോലിക്കസഭയുടെ പരോക്ഷപിന്തുണ നേടാനും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ശ്രമിക്കുന്നുണ്ട്.
എസ്.എൻ.ഡി.പി വോട്ടുകൾ സ്വന്തം നിലക്ക് സ്വാധീനിക്കാൻ നീക്കമുണ്ടാവില്ല. പകരം പട്ടികജാതി-പട്ടികവർഗ നഗറുകളിലാണ് ആർ.എസ്.എസ് കേന്ദ്രീകരിച്ചിരിക്കുന്നത്. നഷ്ടപ്പെടുന്ന ഈഴവ വോട്ടുകൾക്ക് പകരമായി ഇതര വോട്ടുകൾ ഉറപ്പിക്കുകയാണ് ലക്ഷ്യം.
തെക്കൻ ജില്ലകളിൽനിന്നടക്കം പാർട്ടി കേഡർമാർ, നഗറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈഴവ വിഭാഗങ്ങളിൽ ബി.ജെ.പിയോട് അനുഭാവമുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും അവരെ ഉപയോഗിച്ച് എസ്.എൻ.ഡി.പിയിൽ ഭിന്നിപ്പ് സൃഷ്ടിച്ചാൽ ഭാവിയിൽ വെള്ളാപ്പള്ളിയുടെ പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന ഭയമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിൽ, പാർട്ടിക്ക് വിജയസാധ്യതയുള്ള, എ ക്ലാസ് മണ്ഡലങ്ങളിൽ വെള്ളാപ്പള്ളി പിന്തുണ നൽകുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ആറ്റിങ്ങലും ഉണ്ടാക്കിയ മുന്നേറ്റം നിലനിർത്താൻ എസ്.എൻ.ഡി.പി പിന്തുണ ആവശ്യമാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോലും പൂർണതോതിൽ ആർ.എസ്.എസിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. നിലമ്പൂരിൽ ദയനീയ തോൽവിയുണ്ടായാൽ, തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്ന വിലയിരുത്തൽ ആർ.എസ്.എസിനുണ്ട്.
നിലമ്പൂർ: ജൂണ്‍ 19ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക 2,32,381 പേർ. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടുന്നതാണ് പുതുക്കിയ വോട്ടര്‍പട്ടിക. ഇതില്‍ 7787 പേര് പുതിയ വോട്ടര്‍മാരാണ്.
373 പ്രവാസി വോട്ടര്‍മാരും 324 സര്‍വിസ് വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുക. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
വോട്ടെണ്ണല്‍ നടക്കുന്നത് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി -വിജില്‍ ആപ്പില്‍ 284 പരാതികള്‍ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തു. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഹോം വോട്ടിങ് 16 നുള്ളിൽ പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.