മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ചെന്ന ആരോപണത്തിൽ കത്തിക്കയറി നിലമ്പൂരിലെ പ്രചാരണരംഗം. യു.ഡി.എഫിനു പിന്നാലെ പി.വി. അൻവറും മുഖ്യമന്ത്രിക്കെതിരെ വാൾ വീശിയപ്പോൾ, മലപ്പുറം ജില്ല രൂപവത്കരണ പശ്ചാത്തലവും അതിൽ കോൺഗ്രസ് എടുത്ത വഞ്ചന സമീപനവും തുറന്നുകാട്ടി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് തിരിച്ചടിച്ചു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ, മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ ‘ചതി’പ്രയോഗത്തിൽ പിടിച്ചായിരുന്നു യു.ഡി.എഫിന്റെ കടന്നാക്രമണം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒപ്പമുള്ളവർ ഒറ്റിക്കൊടുത്തതുപോലെ, എൽ.ഡി.എഫിനൊപ്പമായിരുന്നയാൾ ചതിച്ചെന്നായിരുന്നു അൻവറിന്റെ പേരു പറയാതെ പിണറായിയുടെ പരാമർശം. തൊട്ടടുത്ത ദിവസം നടന്ന യു.ഡി.എഫ് കൺവെൻഷനിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപണമുന മുഖ്യമന്ത്രിക്കെതിരെ തിരിച്ചുവിട്ടു. പിണറായി ഡൽഹിയിൽ ഇംഗ്ലീഷ് പത്രത്തിനു നൽകിയ വിവാദ അഭിമുഖത്തിലെ മലപ്പുറം വിരുദ്ധ പരാമർശം എടുത്തുകാട്ടി മുഖ്യമന്ത്രി മലപ്പുറം ജില്ലയെ വഞ്ചിച്ചെന്നായിരുന്നു ആരോപണം. പി.കെ. കുഞ്ഞാലിക്കുട്ടിയും പിണറായി മലപ്പുറത്തെ ചതിച്ചെന്ന പരാമർശം നടത്തി. തുടർന്ന് രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് തുടങ്ങിയവരും ‘മലപ്പുറം വിരുദ്ധത’ ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. സ്വർണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്ത് എത്തുന്ന പണം, ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന പരാമർശം ആയുധമാക്കിയായിരുന്നു യു.ഡി.എഫ് കടന്നാക്രമണം.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തിയ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറാകട്ടെ, ബി.ജെ.പിയുമായുള്ള കരാറിന്റെ ഭാഗമായിരുന്നു പരാമർശമെന്നും ആരോപിച്ചു. ‘മലപ്പുറം’ മുൻനിർത്തിയുള്ള പ്രതിപക്ഷനീക്കം തിരിച്ചറിഞ്ഞ എൽ.ഡി.എഫ്, വിഷയത്തിൽ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കി. പകരം മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരായ കോൺഗ്രസ് നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യാക്രമണം. ജില്ല രൂപവത്കരണത്തിന് എതിരുനിന്ന കോൺഗ്രസിന് ആ കുറ്റബോധത്തിൽനിന്നാണ് ഇത്തരമൊരു വിചാരത്തിലേക്ക് വരേണ്ടിവരുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. ഇ.എം.എസ് നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാറിന്റെ സൃഷ്ടിയായിരുന്നു മലപ്പുറം ജില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയതീരുമാനമായിരുന്നു അത്.
ലീഗ് മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിലും ഒരു ഘടകകക്ഷി വിചാരിച്ചാൽ ഒരു ജില്ലയൊന്നും കൊണ്ടുവരാൻ പറ്റില്ല. അന്ന് ജില്ല രൂപവത്കരിക്കാൻ പാടില്ലെന്നു പറഞ്ഞ് മലപ്പുറം വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകിയത് ജനസംഘവും കോൺഗ്രസുമാണ്. ജീവൻ പോയാലും ജില്ല രൂപവത്കരണം അനുവദിക്കില്ലെന്നു പറഞ്ഞ് വഴിക്കടവിൽനിന്ന് ജാഥ സംഘടിപ്പിച്ചവരുണ്ടെന്നും കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി സ്വരാജ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെച്ചൊല്ലിയുള്ള വിവാദം നേരത്തേതന്നെ സി.പി.എം വ്യക്തത വരുത്തുകയും തള്ളിക്കളയുകയും ചെയ്തതാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
പത്രികസമർപ്പണത്തിന്റെ അവസാനദിവസം വരെ പി.വി. അൻവറിൽ ചുറ്റിനിന്നിരുന്ന ചർച്ചയാണ് പ്രചാരണം ഒന്നാംഘട്ടം പിന്നിടുമ്പോൾ മലപ്പുറം ജില്ലയെ മുൻനിർത്തിയുള്ള കൊമ്പുകോർക്കലിലേക്ക് വഴിമാറിയത്. അതിനിടെ, തെരഞ്ഞെടുപ്പ് കാലത്ത് കൈക്കൂലിയായാണ് എൽ.ഡി.എഫ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുന്നതെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തെച്ചൊല്ലിയും മുന്നണികൾ ഏറ്റുമുട്ടി. പാവപ്പെട്ടവരെ കോൺഗ്രസ് അപമാനിച്ചെന്നു പറഞ്ഞാണ് ഇടതു കേന്ദ്രങ്ങൾ തിരിച്ചടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.