തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗ തീരുമാനം. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബർ 31ന് രാത്രി 10ന് ശേഷം പുതുവത്സരാഘോഷം അനുവദിക്കില്ല. ആഘോഷം അതിരുകടന്നാൽ രോഗവ്യാപന തോത് വർധിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
ജില്ലകളിലെ കോവിഡ് വ്യാപനത്തെപ്പറ്റിയും നിയന്ത്രണ പ്രവർത്തനങ്ങളെക്കുറിച്ചും ജില്ല കലക്ടർമാർ യോഗത്തിൽ വിശദീകരിച്ചു. ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുതലുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ ജനിതക ശ്രേണീകരണം നടപ്പാക്കാൻ ജില്ല കലക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. ജനുവരി അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാധ്യത പരിഗണിച്ച് ആശുപത്രികളിൽ ഓക്സിജൻ ഉൽപാദനവും സംഭരണവും വർധിപ്പിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടർമാർ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 98 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിനും 77 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കണം.
കോവിഡ് പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കും. ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണം ശക്തമാക്കും.
അടച്ചിട്ട സ്ഥലങ്ങളിൽ ഒമിക്രോൺ അതിവേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തണം.
കേന്ദ്രസർക്കാർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്നും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി മൂന്ന് മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണം.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ആയുർവേദ/ ഹോമിയോ മരുന്നുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ആരോഗ്യവകുപ്പ് നടപടി എടുക്കും.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
ഒമിക്രോൺ വൈറസ് ബാധ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കും.
ഡെൽറ്റ വൈറസിെനക്കാൾ മൂന്നുമുതൽ അഞ്ച് ഇരട്ടി വരെ വ്യാപനശേഷിയുണ്ടെന്നതിനാൽ ഒമിക്രോൺ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ആ സാഹചര്യം നേരിടാനുള്ള പ്രവർത്തനം നടപ്പാക്കും.
കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ ആവശ്യമായിവരുന്ന മരുന്നുകൾ, ബെഡുകൾ, സിറിഞ്ചുകൾ ഉൾപ്പെടെ കൂടുതലായി ശേഖരിക്കുന്നുണ്ട്. മൂന്നാം തരംഗത്തെ നേരിടാൻ എല്ലാ നടപടികളും സ്വീകരിക്കും.
●ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ ഇരിപ്പിടങ്ങൾ 50 ശതമാനമായി തുടരും
●പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ജില്ല കലക്ടർമാർ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിന്യസിക്കും. ഇവിടങ്ങളിൽ കൂടുതൽ പൊലീസിനെ നിയന്ത്രണങ്ങൾക്കായി വിന്യസിക്കും.
തിരുവനന്തപുരം: ഡി.ജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശം. രാത്രി 10ന് ശേഷം ഡി.ജെ പാര്‍ട്ടി പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസിന് കൈമാറണം. ഇക്കാര്യങ്ങൾ കാണിച്ച് തലസ്ഥാന നഗരത്തിലെ രണ്ടു ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടീസ് നല്കി.
മറ്റ് ജില്ലകളിൽ ജില്ല പൊലീസ് മേധാവികളോട് ഉചിതമായ നടപടി കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. ഡി.ജെ പാര്‍ട്ടി നടത്തുന്നെങ്കില്‍ അതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നെന്ന് ഉറപ്പാക്കണം. അടുത്തിടെ എണാകുളം, തിരുവനന്തപുരത്തെ പൂവാർ എന്നിവിടങ്ങളിൽ നടന്ന ഡി.ജെ പാർട്ടിയുമായി ബന്ധപ്പെട്ട് ലഹരി പദാർഥങ്ങൾ വിതരണം ചെയ്തതായി കണ്ടെത്തി. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പല ഹോട്ടലുകളിലും ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അവിടങ്ങളിൽ ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. ആ സാഹചര്യത്തിലാണ് കർശന നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.