കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു; ബന്ധുക്കൾക്ക് വിട്ടുനൽകും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ‘സമാധി’യായെന്ന് അവകാശപ്പെട്ട് മക്കൾ കല്ലറയിൽ മൂടിയ ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. 

ഇന്ന് പുലർച്ചെ തന്നെ കല്ലറ പൊളിച്ച്​ പരിശോധന നടത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. പൊലീസ്, ഫോറൻസിക് സർജൻമാർ, ആംബുലൻസ്, പരാതിക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്നത്. ഗോപന്റെ ഭാര്യയും മക്കളും സമീപത്തെ വീട്ടിൽ ഉണ്ടെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. ഇന്ന​ലെ രാത്രി സമാധി സ്ഥലത്ത് മകൻ രാജസേനൻ പൂജ നടത്തിയിരുന്നു.

ഇന്ന് രാവിലെ സ്ലാബ് പൊളിച്ചുമാറ്റിയപ്പോൾ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാലാണ് മെഡിക്കല്‍ കോളജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിച്ചത്.

കല്ലറ പൊളിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് ഹൈകോടതിയെ സമീപിച്ചത്​ ഗോപൻ സ്വാമിയുടെ കുടുംബത്തിന്​ തിരിച്ചടിയായിരുന്നു. കോടതി നിർദേശം അന്വേഷണം തുടരാനുള്ള അനുമതിയായി പരിഗണിച്ച്​​ ജില്ല ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു.

അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്. മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെ സ്ഥിരീകരണമോ ഇല്ല. ഔദ്യാഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.

നേരത്തെ കല്ലറ പൊളിച്ച് മുൃതദേഹം പുറത്തെടുക്കാൻ പൊലീസും തഹസിൽദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്​പരിവാർ സംഘടനകളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന്‌ തടഞ്ഞിരുന്നു. കല്ലറ പൊളിക്കുന്നത്‌ പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തിൽ തൊട്ടാൽ ചൈതന്യം പോകുമെന്നുമുള്ള വാദമാണ്‌ കുടുംബം ഉയർത്തിയിരുന്നത്.

Full View

Tags:    
News Summary - Gopan Swamis postmortem completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.