സുപ്രീംകോടതിയിലെ പുതിയ ഹരജി വിചാരണ നീട്ടാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ ശ്രമം -പി.ഡി.പി

കോഴിക്കോട്: വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗളൂരു സഫോടനക്കേസിലെ വിചാരണ നടപടിക്രമങ്ങള്‍ അനന്തമായി നീട്ടാനുള്ള ശ്രമമാണ് സുപ്രിം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഹരജിയെന്ന് പി.ഡി.പി. നേരത്തേ വിചാരണ കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും തള്ളിയ ആവശ്യത്തിന്‍മേലാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളതെന്നും പി.ഡി.പി ആരോപിച്ചു.

വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാറായ ഈ ഘട്ടത്തില്‍ വിചാരണ തടസ്സപ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ നേരത്തെ 2014 ല്‍ ജാമ്യഅപേക്ഷ പരിഗണന വേളയില്‍ 'നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാം' എന്ന ഉറപ്പിന്റെ ലംഘനമാണ്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാതെയും കേസ് വിചാരണനടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കോടതിയെ സഹായിക്കാതെയും വിചാരണ നീട്ടി കൊണ്ട് പോകാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കങ്ങള്‍.

ഇതിനെ ആവശ്യമായ രേഖകളും തെളിവുകളും സമര്‍പ്പിച്ച് സുപ്രിം കോടതിയിലെ മികച്ച അഭിഭാഷകരെ മുന്‍ നിര്‍ത്തി നേരിടുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

ബംഗളൂരു സ്ഫോടന കേസിൽ അബ്ദുന്നാസിർ മഅ്ദനി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേൾക്കൽ സുപ്രിംകോടതി സ്റ്റേ ചെയ്തു. മഅ്ദനി ഉള്‍പ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ഫോൺ വിളിയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കാൻ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 

Tags:    
News Summary - new petition in the Supreme Court is Karnataka government's attempt to extend the trial says PDP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.