തിരുവനന്തപുരം: മാസത്തിലെ ആദ്യദിനത്തിൽതന്നെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ എത്തിയതിെൻറ സന്തോഷത്തിലായിരുന്നു രമ്യ. പിറ്റേന്ന് രാവിലെ എ.ടി.എമ്മിൽ പോയി പണമെടുത്ത് വാടക ഉൾപ്പെടെ നൽകാമെന്ന പ്രതീക്ഷയിലാണ് ഉറങ്ങാൻ കിടന്നത്. ഉറക്കത്തിനിടയിൽ മൊബൈൽ ഫോണിൽ എസ്.എം.എസുകൾ വന്നത് അറിഞ്ഞില്ല. രാവിലെ എഴുന്നേൽക്കുമ്പോളാണ് അവർ തകർന്നത്. അക്കൗണ്ടിൽ ശേഷിക്കുന്നത് വെറും 253 രൂപ മാത്രം. 42,000 രൂപ മൂന്ന് ഇടപാടുകളിലൂടെ പിൻവലിച്ചിരിക്കുന്നു. ഒറ്റ രാത്രികൊണ്ട്. രാത്രി 11.50 നാണ് 20,000 രൂപ പിൻവലിച്ചത്. അഞ്ച് മിനിറ്റ് ശേഷം 15,000 രൂപയും 12.05ന് 7000 രൂപയും പിൻവലിച്ചു.
ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് എ.ടി.എം കാർഡ് േബ്ലാക്ക് ചെയ്തു. കാര്യങ്ങൾ പരിശോധിച്ച ശേഷം പണം തട്ടിയെടുത്തതാണെന്ന് മനസ്സിലാക്കിയ ബാങ്ക് അധികൃതർ തുക ലഭ്യമാക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് രമ്യക്ക് ആശ്വാസമായത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒ.ടി.പി നമ്പർ േപാലും നൽകാതെ അതിസുരക്ഷയുള്ള ബാങ്കുകളെ പോലും കബളിപ്പിച്ച് പണം കവരുന്ന നിലയിലേക്ക് ന്യൂജെൻ തട്ടിപ്പുകാർ വളർന്നിരിക്കുന്നു. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മുമ്പ് തട്ടിപ്പുകളെങ്കിൽ ഇപ്പോൾ രാജ്യത്തിനകത്തുതന്നെ ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഒരു ഫോൺ വിളിയിലൂെടതന്നെ നമ്മുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിയെടുക്കാൻ കഴിയുന്ന തരത്തിൽ സാേങ്കതിക ൈവദഗ്ധ്യമുള്ളവരാണ് ഇത്തരം സംഘങ്ങൾ. പരിചയമില്ലാത്ത നമ്പറുകളിൽനിന്നുള്ള ഫോൺകാളുകൾ എടുക്കരുതെന്നാണ് പൊലീസിന് പറയാനുള്ളത്. എ.ടി.എം കാർഡുകളുടെ കാലാവധി അവസാനിക്കുന്നുവെേന്നാ അല്ലെങ്കിൽ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നോ, ബാങ്ക് വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കിൽ കയറി രേഖപ്പെടുത്തണമെന്നോ ഒക്കെയുള്ള സന്ദേശങ്ങളിലൂടെയാണ് ഇത്തരം സംഘങ്ങൾ വ്യക്തിഗത വിവരങ്ങളും രഹസ്യനമ്പറുകളും സ്വന്തമാക്കുന്നത്. വിദേശ ലോട്ടറികളുടെയും മൊബൈൽഫോണുകളുടെയും പേരിൽ കോടികൾ സമ്മാനം ലഭിെച്ചന്ന വാഗ്ദാനം നൽകിയുള്ള കബളിപ്പിക്കൽ വേറെയും. ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് തട്ടിപ്പുകളെ ചെറുക്കാനുള്ള പോംവഴി.
കരുതൽ വേണം; ഫ്രണ്ട് അഭ്യർഥനകളിൽ
ഫേസ്ബുക്ക് അക്കൗണ്ടുകളുള്ളവർ നിത്യേന തങ്ങൾക്ക് വരുന്ന ഫ്രണ്ട് അഭ്യർഥനകൾ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാക്കും. വിദേശങ്ങളിൽനിന്നുള്ള നിരവധി അഭ്യർഥനകൾ പലർക്കും ലഭിക്കും. അതിലുമുണ്ടാകും ചില തട്ടിപ്പുകാർ. അത്തരമൊരു തട്ടിപ്പിെൻറ കഥയാണ് ഷൈനിക്ക് പറയാനുള്ളത്. യു.കെയിൽനിന്നുള്ള ഫ്രാങ്ക്ലിെൻറ ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോൾ സ്വീകരിച്ചു. ഇംഗ്ലീഷ് പറയുന്നത് മെച്ചപ്പെടുത്താമല്ലോ എന്ന ആശയവും ഷൈനിക്കുണ്ടായി. അങ്ങനെ സായിപ്പുമായുള്ള സൗഹൃദം ഉറപ്പിച്ചു. മൊബൈൽഫോൺ നമ്പറുകൾ കൈമാറി. കോടീശ്വരനായ തനിക്ക് സ്വന്തക്കാരാരുമില്ലെന്നും അതിനാൽ എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നുമുള്ള ഫ്രാങ്ക്ലിെൻറ വാഗ്ദാനം ഷൈനി വിശ്വസിച്ചു.
അങ്ങനെ ഷൈനിയുടെ ജന്മദിനമെത്തി. അതറിഞ്ഞ സായിപ്പാകെട്ട ഒരു വമ്പൻ ജന്മദിന സമ്മാനം വാഗ്ദാനം ചെയ്തു. നാലാം ദിവസം വജ്രങ്ങൾ ഉൾപ്പെടെ വിലയേറിയ സമ്മാനങ്ങൾ താൻ അയച്ചിട്ടുണ്ടെന്ന സായിപ്പിെൻറ സന്ദേശമാണ് ലഭിച്ചത്. ഫേസ്ബുക്ക് മെസഞ്ചർ തുറന്ന് നോക്കിയപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വൈരക്കല്ലുകൾ പതിപ്പിച്ച വളകളും മാലയും ഉൾപ്പെടെ കുറേ സമ്മാനങ്ങളുടെ ചിത്രങ്ങളും. അതോടെ സായിപ്പ് പറ്റിച്ചതല്ലെന്ന് യുവതി ഉറപ്പിച്ചു. രാവിലെ പത്തോടടുത്തപ്പോൾ ഷൈനിയുടെ ഫോണിലേക്ക് മറ്റൊരുവിളി എത്തി. ഡൽഹിയിലെ ഇൻകംടാക്സ് ഒാഫിസിൽനിന്നാണെന്നും ഒരു പാർസൽ എത്തിയിട്ടുണ്ടെന്നും അതിെൻറ ഡ്യൂട്ടി തുകയായ 74,000 രൂപ അടച്ച് പാർസൽ കൈപ്പറ്റണമെന്നുമായിരുന്നു ഫോൺ വിളിച്ച ഹിന്ദിക്കാരൻ ആവശ്യപ്പെട്ടത്.
മിനിറ്റുകൾക്കുള്ളിൽതന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഇൻകംടാക്സ് ഡിപ്പാർട്മെൻറിെൻറ എന്ന് തോന്നിപ്പിക്കുന്ന എസ്.എം.എസ് സന്ദേശം ഷൈനിയുടെ മൊബൈൽഫോണിൽ എത്തി. അതിൽ പറഞ്ഞ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ നിർദേശിക്കുന്നതായിരുന്നു സന്ദേശം. ഉടൻ വിവരം ബന്ധുക്കളോട് പറഞ്ഞു. ഏതു വിധേനയും പണം അടയ്ക്കണമെന്നുമുള്ള ഉപദേശങ്ങൾ പലരിൽനിന്നും ഉണ്ടായി. എന്നാൽ, ഷൈനിയും ഭർത്താവും ആശയക്കുഴപ്പത്തിലായിരുന്നു. ഒടുവിൽ ഇൻകം ടാക്സ് വിഭാഗവുമായി ബന്ധപ്പെടാൻ അവർ തീരുമാനിച്ചു.
ഇൻകംടാക്സ് ഡിപ്പാർട്മെൻറിൽനിന്ന് കാൾ വന്ന ഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഒാഫ് ആയിരുന്നു. അതോെട സംശയം വർധിച്ചു. ഒടുവിൽ ഇൻകംടാക്സ് ഡിപ്പാർട്മെൻറിെൻറ ഒൗദ്യോഗിക നമ്പർ തപ്പിയെടുത്ത് വിളിച്ചു. അവിടെനിന്ന് കിട്ടിയ മറുപടിയിൽ അവർ ഞെട്ടി. ഇതൊരു തട്ടിപ്പാണെന്നും ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ലഭിക്കുന്നതെന്നുമായിരുന്നു മറുപടി. തുടർന്ന് സായിപ്പിെൻറ മൊബൈൽഫോണിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അങ്ങനെ ഒരു നമ്പർ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഫേസ്ബുക്ക് പരതിയപ്പോൾ ഷൈനിയെ സുഹൃത്ത് സ്ഥാനത്തുനിന്ന് ഒഴിവാക്കി സായിപ്പ് സ്ഥലം വിട്ടിരുന്നു. ഇതാണ് ഇപ്പോൾ നടക്കുന്ന മറ്റൊരു തട്ടിപ്പ്. ഇത് ഒരു ഷൈനിയുടെ മാത്രമല്ല, നിരവധി പേർക്ക് നിത്യേന നേരിടേണ്ടിവരുന്ന തട്ടിപ്പാണ്. ഷൈനിക്ക് പണം നഷ്ടപ്പെട്ടില്ല. അങ്ങനെ പണം നഷ്ടപ്പെടുന്നവർ നിരവധിയും.
ആപ്പിലാക്കുന്ന ‘ആപു’കൾ
നിങ്ങളുടെ ചിത്രങ്ങൾ മനോഹരമാക്കി സന്ദേശങ്ങളോടെ ഇഷ്ടപ്പെട്ടവർക്ക് കൈമാറാൻ ഇൗ ആപ് ഡൗൺലോഡ് ചെയ്യുക, വ്യത്യസ്ത ഫോണ്ടുകൾക്കും ചിത്രങ്ങൾക്കുമായി ആപ് ഡൗൺലോഡ് ചെയ്യുക.. തുടങ്ങി നിരവധി സന്ദേശങ്ങൾ പല തവണയാണ് മൊബൈൽ ഫോണുകളിലേക്കെത്തുന്നത്. കേൾക്കേണ്ട താമസം പലരും മൊബൈൽഫോണിലെ പ്ലേസ്റ്റോറിൽ പോയി ആപുകൾ ഡൗൺലോഡ് ചെയ്യും. അപ്പോൾതന്നെ മൊബൈൽ ഫോണിലെ എല്ലാ വിവരങ്ങളും ആപ് നിർമാതാക്കൾക്ക് സമർപ്പിക്കുന്ന ‘സത്യവാങ്മൂലം’ നാം അംഗീകരിക്കും.കീ ബോർഡ് ആപുപയോഗിക്കുേമ്പാൾ നിങ്ങൾ ടൈപ് ചെയ്യുന്നതെല്ലാം ആപിൽ സേവ് ചെയ്യപ്പെടുമെന്ന സേന്ദശം വരും. അത് ശ്രദ്ധിക്കാതെ ‘അക്സപ്റ്റ്’ ബട്ടണുകളിൽ അമർത്താറാണ് പതിവ്. അതോടെ പാസ്വേഡുകളെല്ലാം സുരക്ഷിതമായി തട്ടിപ്പുകാരുടെ കൈയിലെത്തും. ഒന്നോർക്കുക, ഇത്തരം ആപുകളിൽ പതിയിരിക്കുന്നത് വലിയ ചതിയാണ്. ഇവ ഡൗൺലോഡ് ചെയ്യുന്നതോടെ മൊബൈൽഫോണുകളിലെ പല വിശദാംശങ്ങളും ഇവർക്ക് ലഭിക്കും. ഇത്തരം ആപ്പിലാക്കുന്ന ‘ആപു’കൾ കരുതലോടെ വേണം ഡൗൺലോഡ് ചെയ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.