മുണ്ടക്കൈ–ചൂരൽമല ദുരന്തം: രണ്ടുവർഷത്തെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് ഒക്ടോബർ 15ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷത്തിനിടെ സർക്കാരും സന്നദ്ധ സംഘടനകളും മറ്റു ഏജൻസികളും നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ സമഗ്രവിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഡിജിറ്റൽ ആർക്കൈവ് ഒക്ടോബർ 15ന് പ്രകാശനം ചെയ്യുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദുരന്തത്തിന്റെ നാൾവഴികൾ, ആഘാതങ്ങൾ, പുനരധിവാസ ഇടപെടലുകൾ, അനുഭവങ്ങൾ, പഠിക്കേണ്ട പാഠങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് ഗവേഷകർക്കും നയരൂപീകരണ രംഗത്തുള്ളവർക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന വിജ്ഞാനശേഖരമായിരിക്കും.

ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച 20 കോടി രൂപയുടെ ‘അറൈസ് മേപ്പാടി’ സമഗ്ര പുനരധിവാസ പരിപാടിയുടെ ഭാഗമായി ഇതിനകം 78 വ്യാപാരസ്ഥാപനങ്ങൾ പുനരാരംഭിക്കാനും 56 സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സഹായിച്ചു. രണ്ട് സാമൂഹിക സംരംഭങ്ങൾ ആരംഭിച്ചു. 110 പേർക്ക് നൈപുണ്യ വികസന പരിശീലനം നൽകി. 19 കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകിവരുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, കൗൺസലിങ് തുടങ്ങിയ സേവനങ്ങളും തുടരുകയാണ്. 30 കുടുംബങ്ങൾക്കുള്ള ഭവനനിർമാണ പദ്ധതി പുരോഗമിക്കുന്നു.

വിപുലമായ സർവേയുടെ അടിസ്ഥാനത്തിൽ രൂപംനൽകിയ അറൈസ് മേപ്പാടിയുടെ ഭാഗമായി ദുരന്താനന്തര ആറുമാസത്തെയും ഒരുവർഷത്തെയും പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ സമഗ്ര ഡിജിറ്റൽ രേഖ തയ്യാറാക്കുന്നത്.

ഒക്ടോബർ 15ന് തിരുവനന്തപുരം പ്ലാനറ്റേറിയം ഹാളിൽ നടക്കുന്ന ‘മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന് രണ്ടുവർഷം: പാഠങ്ങളും അനുഭവങ്ങളും’ സംസ്ഥാനതല സെമിനാർ രാവിലെ 10.30ന് റവന്യൂ–ഭൂപരിഷ്കരണ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും.

ദുരന്തത്തിന്റെ ഭൗമശാസ്ത്രപരമായ പശ്ചാത്തലം, ദുരന്തനിവാരണ നയങ്ങൾ, സാമൂഹിക ആഘാതങ്ങൾ, ദീർഘകാല പുനരധിവാസ മാതൃകകൾ എന്നിവയിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. സജിൻ കുമാർ കെ.എസ്., ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, ഡോ. എസ്. മുഹമ്മദ് ഇർഷാദ്, ഡോ. ബുഷ്റ ബീഗം ആർ.കെ. തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 3.15ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഡിജിറ്റൽ ആർക്കൈവ് പ്രകാശനം ചെയ്യും.

സാമൂഹിക ശാക്തീകരണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി കഴിഞ്ഞ 14 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് പീപ്പിൾസ് ഫൗണ്ടേഷൻ. വാർത്താസമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ്, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിഷാദ് വി.എം., പ്രോജക്ട് ഡയറക്ടർ സുഹൈർ ടി.കെ., ജില്ലാ കോർഡിനേറ്റർ മുബാറക് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Mundakkai-Chooralmala Disaster: Digital Archive of 2-Year Rehabilitation to be Released on Oct 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.