തിരുവനന്തപുരം: നെട്ടയത്ത് ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാർച്ചിൽ മുൻ ഡി.ജി.പിമാരെ സമരരംഗത്തിറക്കി ബി.ജെ.പി. മുൻ ഡി.ജി.പിമാരായ ആർ. ശ്രീലേഖ, ടി.പി. സെൻകുമാർ എന്നിവരാണ് മാർച്ച് ഉദ്ഘാടനം ചെയ്യാൻ എത്തിയത്. വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്തു.
നെട്ടയത്ത് ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ സമരം ബി.ജെ.പി അവസാനിപ്പിച്ചു.
പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ആർ. ശ്രീലേഖ മാർച്ചിൽ പങ്കെടുത്തത്. അതിനിടെ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിന് തനിക്കെതിരെ ഉയർന്ന വിമർശനത്തിന് മറുപടിയായി ആർ. ശ്രീലേഖ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. 33 വർഷത്തിലധികം പൊലീസിൽ പ്രവർത്തിച്ചത് അഭിമാനത്തോടെയാണെന്നും എന്നാൽ, വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിനും എസ്.ഐ ദീപു പിള്ളയും എട്ട് പൊലീസുകാരും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ കഷ്ടം തോന്നിപ്പോകുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പി-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ പൊലീസ് നടപടിയിൽ കടുത്ത പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തിയത്. സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി പ്രവർത്തകനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്കെതിരെയും മഹിളാ മോർച്ച പ്രവർത്തകയെ കടിച്ച് പരുക്കേൽപിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും തെളിവുകളുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം.
മലമുകളിലെ സംഘർഷത്തിൽ സിവിൽ പൊലീസുദ്യോഗസ്ഥൻ ദീപുവിന്റെ തലക്ക് പരുക്കേറ്റ സംഭവത്തിൽ സി.പി.എം പ്രവർത്തകരിൽ ഒരാൾ കിരങ്കൽചീളുകൊണ്ട് എറിഞ്ഞാണ് ദീപുവിന് തലക്ക് പരുക്കേറ്റതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ബോധ്യമുണ്ടായിട്ടും ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നുവെന്ന് മേയർ വി.വി. രാജേഷ് ചൂണ്ടിക്കാട്ടി. ബി.ജെ.പി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ തുടർച്ചയായി ആക്രമണം നടത്തുന്ന വട്ടിയൂർക്കാവ് സി.ഐ വിപിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമീഷന് പരാതി നൽകുമെന്നും മേയർ പറഞ്ഞു.
നെട്ടയത്ത് മലമുകളിൽ ബി.ജെ.പി പ്രവർത്തകന്റെ ഭാര്യക്കുനേരെ അയൽവാസിയായ സി.പി.എം പ്രവർത്തകൻ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന തർക്കമാണ് തിരുവനന്തപുരത്ത് അരങ്ങേറിയത്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെത്തി ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും പൊലീസ് ഉദ്യോഗസ്ഥർ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.