ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ടോൾ കൊടുത്തേ പറ്റൂ; ഒഴിവാക്കൽ പരിഗണനയിലില്ലെന്ന് നിതിന്‍ ഗഡ്ഗരി

കൊല്ലം: ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, ദേശീയപാത ഫീസ് ചട്ടങ്ങള്‍ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇളവുകളുടെ ആനുകൂല്യം കെ.എസ്.ആര്‍.ടി.സിക്കും ലഭ്യമാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

പതിവായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഒറ്റ യാത്രക്കായി പ്രതിമാസം സാധാരണ ഫീസിന്‍റെ മുന്നില്‍ രണ്ട് മാത്രം അടച്ചാൽ മതി. 24 മണിക്കുറിനുള്ളില്‍ മടങ്ങി വരുന്ന യാത്രക്ക് ഒറ്റ യാത്രാഫീസിന്‍റെ ഒന്നരമടങ്ങ് അടച്ചും ടോള്‍ പ്ലാസ് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യ വാഹനങ്ങള്‍ക്ക് സർവിസ് റോഡോ ബദല്‍ റോഡോ ഇല്ലെങ്കില്‍ നിശ്ചിത ടോളിന്‍റെ 50 ശതമാനം നല്‍കി യാത്ര ചെയ്യാവുന്ന ആനുകൂല്യം കെ.എസ്.ആര്‍.ടി.സിക്ക് പ്രയോജനപ്പെടുത്താം.

ദേശീയപാത 66ന്‍റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കിയത് കണക്കിലെടുത്ത് ടോള്‍ പിരിവിന്‍റെ വിഹിതം സംസ്ഥാനത്തിനും നല്‍കണമെന്ന ചോദ്യത്തിന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന ടോള്‍ വരുമാനം ഇന്ത്യയുടെ സംയോജിത നിധിയില്‍ നിക്ഷേപിക്കുന്നുവെന്നായിരുന്നു മറുപടി.

Tags:    
News Summary - No NH toll exemption for KSRTC: Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.