അർജുൻ മഹേഷ്

‘അമ്മ, ഐ ആം സോറി’... നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ മംഗളൂരുവിൽ മരിച്ച നിലയില്‍

മംഗളൂരു: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഐജ മഹേഷിന്റെ സഹോദരനെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് പോക്കണംമൂലയിലെ അർജുൻ മഹേഷിനെയാണ് ബജ്പെക്കടുത്ത് മറവൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു.

ഞായറാഴ്ച ദുബൈയിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഞായർ പകൽ ഒന്നോടെ അമ്മ രാധികയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക്‌ വരുന്ന വിവരം പറഞ്ഞില്ല. ഗൾഫിലുള്ള സുഹൃത്തുക്കൾ അർജുൻ വീട്ടിലെത്തിയോ എന്നന്വേഷിച്ച് വിളിച്ചപ്പോഴാണ് നാട്ടിലേക്ക്‌ വന്നതായി വീട്ടുകാർ അറിയുന്നത്. തുടർന്ന്‌ ബന്ധുക്കൾ മംഗൂളൂരു പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.

സഹോദരിയുടെ മരണശേഷം അർജുൻ മനോവിഷമത്തിലായിരുന്നു. മുറിയിൽനിന്ന് ‘അമ്മ, ഐ ആം സോറി’ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. ചില സുഹൃത്തുക്കളെ അറിയിക്കണം എന്നും കുറിപ്പിൽ എഴുതിയതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകി. ദുബൈയിൽ ഓട്ടോ മൊബൈൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.

മേയ് മൂന്നിന് നടന്ന ആദ്യ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന്‌ പുനഃപരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്ന ഐജയെ ജൂണ്‍ രണ്ടിനാണ് പാലായിലെ ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ്‌ നാട്ടിലെത്തിയ അർജുൻ ചടങ്ങുകളെല്ലാം പൂർത്തിയാക്കി ജൂലൈ 21 നാണ് തിരികെ പോയത്. അച്ഛൻ: ആർ മഹേഷ് (റിട്ട. വില്ലേജ് ഉദ്യോഗസ്ഥൻ). അമ്മ: രാധിക.

Tags:    
News Summary - നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ മംഗളൂരുവിൽ മരിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.