സതീശനെതിരെ ആഞ്ഞടിച്ച് അടൂർ പ്രകാശ്; മുന്നണി കാര്യങ്ങൾ അറിയിക്കുന്നില്ലെന്ന് പരാതി, കേന്ദ്ര നേതൃത്വത്തെ സമീപിക്കും
തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും കടുത്ത അതൃപ്തി പരസ്യമാക്കി എം.പിയും മുന്നണി കൺവീനറുമായ അടൂർ പ്രകാശ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ മുന്നണിയിലെ കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്നും ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പല തീരുമാനങ്ങളും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണിയിലെ ഏകോപനക്കുറവിലും അവഗണനയിലുമുള്ള അമർഷം എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തകാലത്തൊന്നും യു.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യോഗം വിളിച്ചുചേർക്കേണ്ടത് ചെയർമാന്റെ (മുഖ്യമന്ത്രി അനുമതിയോടെയാണെങ്കിലും അതിന് മുൻകൈ എടുക്കുന്നില്ലെന്നും ആരോപിച്ചു. മുന്നണി കാര്യങ്ങളിൽ തീരുമാനമെടുക്കാത്തതിനാൽ യോഗം കൂടാൻ സാധിക്കുന്നില്ല. നിലപാടുകളിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കാറുണ്ട്. എ.ഐ.സി.സിയാണ് തന്നെ ഈ ചുമതല ഏൽപ്പിച്ചതെന്നും തനിക്കുള്ള അതൃപ്തി വ്യക്തമാക്കേണ്ട സ്ഥലത്ത് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായി. പ്രതീക്ഷിച്ച ചില ഇടങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാനായി. എന്നാൽ, യു.ഡി.എഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പല കാര്യങ്ങളും കൺവീനറുമായി ആലോചിക്കുന്നില്ല. മുനീറിന് ക്യാബിനറ്റ് പദവി നൽകിയത് അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ്, അർഹതയില്ലാത്ത ആർക്കും നൽകിയെന്ന് പറയുന്നില്ല. എന്നാൽ കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും തന്നെ അറിയിച്ചിട്ടില്ല. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ.
എസ്.എഫ്.ഐക്കെതിരെയും അടൂർ പ്രകാശ് രൂക്ഷവിമർശനം ഉന്നയിച്ചു. എസ്.എഫ്.ഐ ബി.ജെ.പിയുമായി ഒത്തുുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ എന്തിനാണ് എസ്.എഫ്.ഐ യു.ഡി.എഫിനെതിരെ തിരിയുന്നതെന്ന് എൽ.ഡി.എഫ് മറുപടി പറയണം. സ്വന്തം ധാർമികതയിൽ കോട്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് എസ്.എഫ്.ഐ സ്വയം വിലയിരുത്തണം. ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കുന്ന പ്രവർത്തികൾ ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിനുവേണ്ടിയാണോ എസ്.എഫ്.ഐ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അടൂർ പ്രകാശ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.