കോടിയേരിയുടെ ഫ്ലക്സ് കീറിയതിൽ വിശദീകരണവുമായി എസ്.എഫ്.ഐ; ‘ഈ വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കും’

കൊല്ലം: എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഫ്ലക്സ് ബോർഡ് വലിച്ച് കീറിയതിൽ വിശദീകരണവുമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി. ഫ്ലക്സ് കീറിയ വ്യക്തി എസ്.എഫ്.ഐയുടെ ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്നയാളല്ലെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി അറിയിച്ചു.

‘ഈ പറയപ്പെടുന്ന വ്യക്തി എസ്.എഫ്.ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ല. അത് കൊണ്ട് തന്നെ ഈ വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. ആയതിനാൽ തുടർന്ന് നിയമപരമായി മുന്നോട്ട് പോകുമെന്നും ഈ നടന്ന സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.

കോടിയേരിയുടെ നാലാം ചരമ വാർഷിക ദിനത്തിലാണ് അദ്ദേഹത്തിന്റെ ഫ്ലക്സ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ വലിച്ച് കീറിയത്. പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരിൽനിന്ന് ഒരാൾ ഓടിക്കയറി മീഡിയനില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് വലിച്ചുകീറുകയായിരുന്നു. ഫ്ലക്സ് കീറുന്നതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ’ എന്നും ചോദിക്കുന്നത് വിഡിയോയിൽ കേള്‍ക്കാം. തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്.

എസ്.എഫ്.ഐ പ്രസ്താവനയുടെ പൂർണരൂപം:

കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന യൂത്ത് കോൺഗ്രസ് പോലീസ് അക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്നുള്ള പ്രകടനം ആണ് ഇന്ന് ജില്ലയിൽ സംഘടിപ്പിച്ചത്. യാതൊരു വിധത്തിലുള്ള പ്രകോപനവും കൂടാതെയായിരുന്നു പ്രകടനം മുന്നോട്ട് പോയത്.

എന്നാൽ പ്രകടനത്തിൽ മധ്യഭാഗത്ത് നിന്ന് ഓടി കയറിയ വ്യക്തിയുടെ ഭാഗത്ത് നിന്ന് മോശപ്പെട്ട സമീപനം ആണ് ഉണ്ടായത്. ടൗണിൽ സ്ഥാപിച്ചിരുന്ന സ. കോടിയേരിയുടെ ഫ്ലക്സ് തകർക്കുകയുണ്ടായി. സ. കോടിയേരി എസ്എഫ്‌ഐയുടെ പ്രഥമ സംസ്ഥാന സെക്രട്ടറിയും, എസ്എഫ്ഐ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ചിരുന്ന സഖാവുമാണ്. സഖാവിനെ മുഴുവൻ എസ്എഫ്ഐക്കാരും വളരെ വൈകാരികതയോട് കൂടിയാണ് കാണുന്നത്.

എന്നാൽ ഈ പറയപ്പെടുന്ന വ്യക്തിയേ സംബന്ധിച്ച് എസ്.എഫ്.ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ല. അത് കൊണ്ട് തന്നെ ഈ വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. ആയതിനാൽ തുടർന്ന് നിയമപരമായി മുന്നോട്ട് പോകുമെന്നും ഈ നടന്ന സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

സെക്രട്ടറി

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി

Tags:    
News Summary - SFI explains Kodiyeri flex tearing, to check protester

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.