മാണി സി. കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ 

പാലായിൽ ഉപതെരഞ്ഞെടുപ്പോ? മാണി സി കാപ്പന്റെ അയോഗ്യതയിൽ തീരുമാനം സ്പീക്കർക്ക് വിട്ട് ഹൈകോടതി

കൊച്ചി: ചെക്ക് തട്ടിപ്പ് കേസുകളിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ തീരുമാനം നിയമസഭാ സ്പീക്കർക്ക് വിട്ട് ഹൈകോടതി. നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കാൻ സ്പീക്കർക്ക് നിർദേശം നൽകി. വിഷയത്തിൽ ഇനി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

പ്രവാസി വ്യവസായി ദിനേശ് മേനോൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. പാലാ നിയോജക മണ്ഡലം ഒഴിവുവന്നതായി പ്രഖ്യാപിക്കാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്നും പാലായിൽ ഉപതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മാണി സി. കാപ്പനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇതിനകം തന്നെ സ്പീക്കറുടെ പരിഗണനയിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതിക്ക് പരിമിതികളുണ്ട്. ശിക്ഷാവിവരങ്ങൾ സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും ഔദ്യോഗിക നിവേദനം നിലവിലുള്ളതിനാലും, ഭരണഘടനാ തത്വങ്ങളും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും മുൻനിർത്തി സ്പീക്കർ തന്നെ കാലതാമസമില്ലാതെ ഉചിതമായ തീരുമാനമെടുക്കുകയാണ് വേണ്ടത് -കോടതി വ്യക്തമാക്കി.

ശിക്ഷിക്കപ്പെട്ട തീയതി മുതൽ കാപ്പനെ അയോഗ്യനാക്കണമെന്ന് കാണിച്ച് പരാതിക്കാരൻ നേരത്തെ സ്പീക്കറെ സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് മാണി സി. കാപ്പൻ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എം.എൽ.എയെ അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും ആർട്ടിക്കിൾ 192 പ്രകാരം ഇത്തരം വിഷയങ്ങൾ ഗവർണറുടെ പരിഗണനക്കാണ് വിടേണ്ടതെന്നുമായിരുന്നു കാപ്പന്റെ വാദം.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി വാ​ഗ്ദാ​നം ചെ​യ്തു വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ച്​ മും​ബൈ വ്യ​വ​സാ​യി ദി​നേ​ശ്​ മേ​നോ​ൻ ന​ൽ​കി​യ കേ​സു​ക​ളി​ലാ​ണ്​ കോ​ട​തി കാ​പ്പ​നെ ശി​ക്ഷി​ച്ച​ത്. വിധി വന്നശേഷം കാപ്പന്റെ രാജിക്കായി സമ്മർദം ഉയരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.