15കാരിയുടെ 30 ആഴ്ച ഗർഭം; മെഡിക്കൽ ഗർഭച്ഛിദ്രത്തിന് ഹൈകോടതി അനുമതി

കൊച്ചി: പീഡനത്തിനിരയായ 15കാരിയുടെ 30 ആഴ്ചയായ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കേരള ഹൈകോടതി. പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. ഗർഭച്ഛിദ്രത്തിനുളള നടപടികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ സംസ്ഥാന സർക്കാരിനും കോടതി നിർദേശം നൽകി.

പെൺകുട്ടിയെ പരിശോധിക്കാൻ കോടതി നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഗർഭം തുടരുന്നത് പെൺകുട്ടിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. അതേസമയം, 30 ആഴ്ച ഗർഭമായതിനാൽ ഗർഭച്ഛിദ്രത്തിനുളള നടപടിക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കാനുള്ള സാധ്യതയുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ 95 ശതമാനത്തിലേറെ അതിജീവന സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

കുഞ്ഞിന് ഏകദേശം രണ്ട് മാസത്തോളം എൻ.ഐ.സി.യു ചികിത്സ ആവശ്യമായി വന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയും അമ്മയും നടപടിക്ക് സമ്മതം നൽകുന്ന രേഖ സമർപ്പിച്ചതിന് ശേഷം ഗർഭച്ഛിദ്രത്തിന് കോടതി നിർദേശിച്ചു. കുഞ്ഞ് ജീവനോടെ ജനിച്ചാൽ ആവശ്യമായ നവജാത ശിശു പരിചരണവും ചികിത്സയും സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

കുഞ്ഞിന് അതിജീവിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾക്കായി ഭ്രൂണത്തിന്റെ ടിഷ്യു, രക്തസാമ്പിളുകൾ എന്നിവ സംരക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ആവശ്യമായ പരിശോധനകൾക്കായി ഇവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - 15-year-old's 30-week pregnancy; High Court permits medical termination of pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.