നെടുങ്കണ്ടം കസ്​റ്റഡി മരണം: ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടും

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം രാജ്കുമാറി​െൻറ കസ്​റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ്​ ഉദ്യോഗസ്ഥരെ പിരിച്ചുവിടും. പൊലീസ്​ സംഘടനകളുടെ എതിർപ്പുകൾ അവഗണിച്ചാണ്​​ ​സർക്കാറി​െൻറ​ ഇൗ തീരുമാനം​. റിട്ട. ജസ്​റ്റിസ്​ കെ. നാരായണക്കുറുപ്പി​െൻറ റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭായോഗമാണ്​ ഇൗ തീരുമാനം കൈക്കൊണ്ടത്​. ഏഴ്​ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ്​ വിവരം.

പൊലീസ്​ കസ്​റ്റഡിയിലുണ്ടായ മർദനം മൂലമാണ് രാജ്‍കുമാർ മരിച്ചതെന്ന് കമീഷൻ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിക്ക്​ റിപ്പോർട്ട് സമർപ്പിച്ചശേഷം ജസ്​റ്റിസ് നാരായണക്കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

2019 ജൂൺ 12നാണ് ഹരിത ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ, കസ്​റ്റഡി രേഖപ്പെടുത്താതെ നാലുദിവസം ലോക്കപ്പിലിട്ടു. ക്രൂരമർദനങ്ങൾക്ക്​ വിധേയനാക്കിയശേഷം നില ഗുരുതരമായതോടെ മജിസ്ട്രേറ്റിനെപോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.

ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21ന് ജയിലിൽ മരിച്ചു. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നെടുങ്കണ്ടം സ്​റ്റേഷനിൽ അന്നുണ്ടായിരുന്ന എസ്.ഐ അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്​റ്റ്​ ചെയ്തു. കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് 2019 ജൂലൈ നാലിന് ജുഡീഷ്യൽ കമീഷനെ സർക്കാർ നിയോഗിച്ചത്​.

റിട്ട. ജസ്​റ്റിസ് കെ. നാരായണക്കുറുപ്പ് കമീഷൻ കേസിൽ 73 സാക്ഷികളെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തി. പോസ്​റ്റ്​മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെതുടർന്ന് റീ പോസ്​റ്റ്​മോർട്ടം വരെ കമീഷ​െൻറ ഇടപെടലിനെതുടർന്ന് നടന്നു.ആദ്യ പോസ്​റ്റ്​മോർട്ടത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയും കമീഷൻ പരാമർശിച്ചിരുന്നു. രാജ്‌കുമാറി‍െൻറ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ ശിപാർശകളെല്ലാം പൊതുവിൽ അംഗീകരിക്കുന്നെന്നാണ് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. എന്നാൽ, കമീഷൻ റിപ്പോർട്ടിലെ ശിപാ‍ർശകൾ പൊലീസ് സംഘടനകള്‍ എതിർക്കുന്നുണ്ട്. ഇൗ എതിർപ്പ് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും അറിയിക്കുകയും ചെയ്​തു. എന്നാൽ, അത്​ വകവെ​ക്കാതെയാണ്​ സർക്കാർ തീരുമാനം.

തീരുമാനം നീതിയുടെ വിജയം -ജ​. നാരായണക്കുറുപ്പ്​

തിര​ുവനന്തപുരം: കസ്​റ്റഡി മരണത്തിൽ ആരോപണവിധേയരായ പൊലീസ്​ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ത​െൻറ ശിപാർശ സർക്കാർ അംഗീകരിച്ചത്​ നീതിയുടെ വിജയമാണെന്ന്​ ജസ്​റ്റിസ്​ നാരായണക്കുറുപ്പ്​ പ്രതികരിച്ചു. രാജ്​കുമാറി​െൻറ ശരീരം രണ്ടാമത് പോസ്​റ്റ്​മോർട്ടം നടത്തിയതുകൊണ്ടാണ് കസ്​റ്റഡി കൊലപാതകത്തി​െൻറ കൃത്യമായ തെളിവുകൾ ലഭിച്ചത്.

മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. കസ്​റ്റഡി മരണക്കേസുകളിൽ തെളിവുകൾ ലഭിച്ചാൽ കുറ്റക്കാരെ പിരിച്ചുവിടാൻ ഭരണഘടനാപരമായ വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് താൻ റിപ്പോർട്ട് നൽകിയത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്നും നാരായണക്കുറുപ്പ്​ പറഞ്ഞു.

Tags:    
News Summary - Nedunkandam custody death: Policemen responsible will be dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.